ചാംപ്യന്‍സ് ട്രോഫി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുമെന്ന് റിപ്പോര്‍ട്ട്. ഏകദിന ലോകകപ്പിന് മുന്‍പ് സ്ഥിരം നായകനെ ഉറപ്പിക്കാന്‍ ബിസിസിഐ ആലോചിക്കുന്നതിനാല്‍ രോഹിതിന്‍റെ നായക സ്ഥാനത്തിലും മാറ്റമുണ്ടാകുമെന്നാണ് സൂചന. ഇതിനൊപ്പം സീനിയര്‍ താരങ്ങളുടെ വാര്‍ഷിക കരാറിലും ചില മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.
നായകസ്ഥാനത്തുനിന്നുള്ള മാറ്റം സംബന്ധിച്ച് ബോർഡർ – ഗാവസ്കർ ട്രോഫിക്കു പിന്നാലെ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തി ചർച്ച നടന്നിരുന്നു. ചീഫ് സിലക്ടർ അജിത് അഗാർക്കറും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ഇതുമായി ബന്ധപ്പെട്ട നിലപാട് ബിസിസിഐയെ അറിയിച്ചിരുന്നു. രോഹിത് ശര്‍മ തന്നെ കാര്യം ബോര്‍ഡിനെ അറിയിച്ചിരുന്നു. ചാംപ്യൻസ് ട്രോഫിക്കു ശേഷം പുതിയ നായകന്‍ വരുന്നതിനെ രോഹിത് ശര്‍മ അനുകൂലിച്ചു എന്നാണ് വിവരം.
ക്രിക്കറ്റില്‍ തനിക്ക് കുറച്ചുകൂടെ ചെയ്യാനുണ്ടെന്നാണ് രോഹിത് വിശ്വസിക്കുന്നത്. അദ്ദേഹത്തിന്‍റെ പ്ലാന്‍ എന്താണെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിരമിക്കുക എന്നത് അദ്ദേഹത്തിന്‍റെ തീരുമാനമാണ്. നായകസ്ഥാനത്തെ പറ്റി ചര്‍ച്ചകളുണ്ടാകും. ലോകകപ്പിന് ഒരുങ്ങുന്ന ടീമിന് സ്ഥിരമായ ക്യാപ്റ്റന്‍റെ ആവശ്യകതയുണ്ടെന്ന് രോഹിതിന് മനസിലാകും. ബിസിസിഐ സോഴ്സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
കോലിയുടെ കാര്യത്തെ പറ്റിയും സംസാരമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ കാര്യത്തില്‍ അത്ര അനിശ്ചിതത്വമില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഐപിഎല്ലിന് മുന്നോടിയായാണ് സാധാരണയായി ബിസിസിഐ വാര്‍ഷിക കരാര്‍ പുതുക്കുന്നത്. ഈ സീസണില്‍ ടെസ്റ്റില്‍ മോശം പ്രകടനം നടത്തിയതിനാല്ഡ ചാംപ്യന്‍സ് ട്രോഫിയിലെ പ്രകടനം അനുസരിച്ചാകും കരാറുകള്‍ പുതുക്കുക. ഗ്രേഡ് എ പ്ലസ് കരാറില്‍ മാറ്റം വരുത്താന്‍ ബിസിസിഐ ചിന്തിക്കുന്നു എന്നാണ് വിവരം. നിലവില്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രിത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് എ പ്ലസ് കരാറിലുള്ളത്.
ബിസിസിഐ പോളിസി പ്രകാരം മൂന്ന് ഫോര്‍മാറ്റിലും തിളങ്ങുന്ന താരങ്ങളെയാണ് എ പ്ലസ് കരാറില്‍ ഉള്‍പ്പെടുത്തുന്നത്. ടി20 യില്‍ വിരമിച്ച, ടെസ്റ്റില്‍ മോശം പ്രകടനം നടത്തിയ ഇവരുടെ കാര്യത്തില്‍ ചില ആശങ്കയുണ്ട്. ചാംപ്യന്‍സ് ട്രോഫിയില്‍ മികച്ച് ഫോം തുടര്‍ന്നാല്‍ നിലവിലെ കരാര്‍ തുടരാനാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ചാംപ്യന്‍സ് ട്രോഫിയിലെ പ്രകടനത്തോടെ കോലി എപ്ലസ് കരാര്‍ ഏകദേശം ഉറപ്പിച്ച മട്ടാണ്. അതേസമയം, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെ എ കാറ്റഗറിയിലേക്ക് കൊണ്ടുവരാന്‍ ബിസിസിഐയ്ക്ക് പ്ലാനുണ്ട്. ശ്രേയസ് അയ്യര്‍ തിരികെ കരാറിലേക്ക് എത്തും എന്നാണ് വിവരം.