ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യ– പാക്ക് മത്സരത്തിനിടെ ശുഭ്മാന്‍ ഗില്ലിനോട് കയറിപോകാന്‍ ആംഗ്യം കാണിച്ച് വാര്‍ത്തയായ താരമാണ് പാക് സ്പിന്നര്‍ അബ്രാര്‍ അഹമ്മദ്. സ്പിന്നറുടെ ഈ പെരുമാറ്റം വസീം അക്രമടക്കമുള്ളവരില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ വിരാട് കോലിയെയും കളിയാക്കിയതായി അബ്രാര്‍ അഹമ്മദ് പറഞ്ഞു.
മത്സരത്തിനിടെ കോലിയോട് തന്നെ സിക്സറടിക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് അബ്രാര്‍ വെളിപ്പെടുത്തിയത്. കോലിക്കെതിരെ പന്തെറിയുക എന്ന തന്‍റെ കുട്ടികാലത്തെ സ്വപ്നമാണ് ദുബായില്‍ നടന്നത്. ഞാൻ അദ്ദേഹത്തെ കളിയാക്കുകയും എന്നെ സിക്സ് അടിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം ഒരിക്കലും ദേഷ്യപ്പെട്ടില്ല. കോലി ഒരു മികച്ച ബാറ്റ്‌സ്മാനാണ്, അദ്ദേഹം ഒരു മികച്ച മനുഷ്യനുമാണ് എന്നാണ് അബ്രാര്‍ പറഞ്ഞത്.
മത്സരത്തിനുശേഷം നന്നായി പന്തെറിഞ്ഞു എന്നാണ് കോലി പറഞ്ഞത്. അത് എന്റെ ദിവസത്തെ മാറ്റിമറിച്ചെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. 'കോലിയുടെ വലിയ ആരാധകനാണ് ഞാന്‍. ഒരു ദിവസം അദ്ദേഹത്തിന് പന്തെറിയുമെന്ന് അണ്ടർ 19 കളിക്കാരോട് പറയാറുണ്ടായിരുന്നു. കോലിയുടെ ഫിറ്റ്നസ് അസാധാരണമാണ്. വിക്കറ്റിനിടയിൽ അദ്ദേഹം ഓടുന്ന രീതി ശ്രദ്ധേയമാണ്, അതാണ് അദ്ദേഹത്തെ അതുല്യ ക്രിക്കറ്റ് താരമാക്കുന്നത്' എന്നും അബ്രാര്‍ പറഞ്ഞു.
ഗില്ലിനെതിരായ പെരുമാറ്റത്തില്‍ തെറ്റില്ലെന്നും അത് തന്‍റെ ശൈലിയാണെന്നും അബ്രാര്‍ പറഞ്ഞു. അത് എന്‍റെ രീതിയാണ്, അതിലൊരു തെറ്റും തോന്നുന്നില്ല. ചെയ്തത് തെറ്റായെന്ന് ഒരു ഒഫീഷ്യലും എന്നോടു പറഞ്ഞിട്ടില്ല. പക്ഷേ ആർക്കെങ്കിലും വേദന ഉണ്ടായെങ്കിൽ ഞാന്‍ മാപ്പു ചോദിക്കുന്നു. അത് ആരെയും വേദനിപ്പിക്കാന്‍ ചെയ്തതല്ല, അബ്രാർ അഹമ്മദ് വ്യക്തമാക്കി.