ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു. ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ മിച്ചല്‍ സാന്റ്നർ ഇന്ത്യയെ ഫീല്‍ഡിങ്ങിനയച്ചു. രോഹിത് ശർമ ക്യാപ്റ്റനായ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്കു തുടര്‍ച്ചയായ 12–ാം തവണയാണു ടോസ് നഷ്ടമാകുന്നത്. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. നാല് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരും. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയ്ക്കെതിരെ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ പേസർ മാറ്റ് ഹെൻറി കളിക്കുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമി ഫൈനലിൽ ഫീൽഡിങ്ങിനിടെ മാറ്റ് ഹെൻറിക്ക് പരുക്കേറ്റിരുന്നു. ഹെൻറിയുടെ പകരക്കാരനായി നേഥൻ സ്മിത്ത് ടീമിലെത്തി.
ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷർ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.
ന്യൂസീലൻഡ് ടീം– വിൽ യങ്, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൻ, ഡാരിൽ മിച്ചൽ, ടോം ലാഥം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ ബ്രേസ്‍വെൽ, മിച്ചൽ സാന്റ്നർ, നേഥൻ സ്മിത്ത്, കൈൽ ജാമീസൻ, വിൽ ഒറൂക്ക്.
സ്പിന്നര്‍മാരെ അനുകൂലിക്കുന്ന പിച്ചില്‍ തുടര്‍ച്ചയായ അഞ്ചാം വിജയത്തോടെ കിരീടമുയര്‍ത്താമെന്ന പ്രതീക്ഷയിലാണ് ഹിറ്റ്മാനും സംഘവും. ഏത് കരുത്തരെയും കറക്കിവീഴ്ത്താന്‍ പോന്ന നാല് സ്പിന്നര്‍മാരാണ്, തുടര്‍ച്ചയായ രണ്ടാം ഐസിസി കിരീടമെന്ന് ഇന്ത്യന്‍ സ്വപ്നത്തിന് കരുത്താകുന്നത്. അവസാന നിമിഷം ഇന്ത്യന്‍ ടീമിലിടം പിടിച്ച റിസ്റ്റ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് രോഹിത്തിന്റെ ട്രംപ്കാര്‍ഡ്. നാല് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമെന്ന ടീം കോമ്പിനേഷന്‍ തന്നെ ഇന്ത്യയിന്നും തുടരും. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിനിടെ കെയിന്‍ വില്യംസന്റെയും രചിന്‍ രവീന്ദ്രയുടെയും പ്രകടനം നിശ്ചയിക്കും കിവീസിന്റെ വിധി. വിരമിക്കല്‍ അഭ്യൂഹം നിലനില്‍ക്കെ രോഹിത്തിന്റെയും കോലിയുടെയും പ്രകടനത്തിലേക്കാകും ആരാധകശ്രദ്ധ.
അത്തരം സംസാരങ്ങളൊന്നുമില്ലന്ന് ശുഭ്മന്‍ ഗില്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞെങ്കിലും ആരാധകര്‍ക്ക് ഭയമില്ലാതില്ല. കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളില്‍ ഒരു സെഞ്ചറിയും രണ്ട് അര്‍ധസെഞ്ചുറിയുമായി തീപ്പൊരി ഫോമിലാണ് കോലി. മാറ്റ് ഹെന്‍റിയുടെ ഫിറ്റനസില്‍ ആശങ്ക തുടരുന്നെങ്കില്‍ ആദ്യ പവര്‍ പ്ലേയില്‍ കിവീസ് പേസര്‍മാരെ ഇന്ത്യ കരുതിയിരുന്നേ മതിയാകൂ. ഒരു ഐസിസി ഏകദിന കിരീടത്തിനായുള്ള കാത്തിരിപ്പ് 25ാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോഴാണ് ന്യൂസീലന്‍ഡ് ഇന്ത്യയ്ക്കെതിരെ വീണ്ടുമൊരു കലാശപ്പോരാട്ടത്തിന് ഒരുങ്ങുന്നത്.