നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം, ഐസിസി ഏകദിന കിരീടം സ്വന്തമാക്കി ടീം ഇന്ത്യ. ടി ട്വന്‍റി ലോകകപ്പിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് മറ്റൊരു ഐസിസി കിരീടം ലഭിക്കുന്നത്. ഇന്ത്യയുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി വിജയമാണിത്. 2013ല്‍ എംഎസ് ധോണിക്ക് ശേഷമാണ് രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഐസിസി ഏകദിന കിരീടം സ്വന്തമാക്കുന്നത്. 

ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ചാംപ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ അടിച്ചെടുത്തത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. നാലുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ‌‌അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഇന്നിങ്സാണ് ഇന്ത്യയ‌ക്ക് തുണയായത്. രോഹിത് ശര്‍മ 83 പന്തില്‍ 76 റണ്‍സെടുത്തു. 

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 251 റൺസ് നേടിയത്. ഇന്ത്യൻ നിരയിൽ രോഹിത് ശർമ (83 പന്തിൽ 76), ശ്രേയസ് അയ്യർ (62 പന്തിൽ 48), ശുഭ്മൻ ഗില്‍ (50 പന്തിൽ 31), അക്ഷർ പട്ടേൽ (40 പന്തിൽ 29), വിരാട് കോലി (ഒന്ന്), ഹാർദിക് പാണ്ഡ്യ (18 പന്തിൽ 18) എന്നിവരാണു പുറത്തായത്.  

101 പന്തിൽ 63 റൺസെടുത്തു പുറത്തായ മിച്ചലാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. എങ്കിലും ഇന്ത്യൻ സ്പിന്നർമാറുടെ കടുത്ത പ്രതിരോധത്തില്‍‌ മിച്ചല്‍ അടിച്ചത് മൂന്നു ഫോറുകള്‍ മാത്രമാണ്. മൈക്കിള്‍ ബ്രേസ്‍വെല്‍ അര്‍ധസെ‍ഞ്ചുറി നേടി. 40 പന്തിൽ 53 റൺസെടുത്തു താരം പുറത്താകാതെ നിന്നു. രചിൻ രവീന്ദ്ര (29 പന്തിൽ 37), ഗ്ലെൻ ഫിലിപ്സ് (52 പന്തിൽ 34) വിൽ യങ് (23 പന്തിൽ 15), കെയ്ൻ വില്യംസൻ (11 പന്തിൽ 14), ടോം ലാഥം (30 പന്തിൽ 14), മിച്ചൽ സാന്റ്നർ (10 പന്തിൽ എട്ട്) എന്നിങ്ങനെയാണു പുറത്തായ മറ്റു കിവീസ് ബാറ്റർമാരുടെ സ്കോറുകൾ. 

ആദ്യ ഏഴോവറുകളിൽ തന്നെ കിവീസ് 50 റൺസ് കടന്നിരുന്നു. ഇതോടെ ഇന്ത്യ സ്പിന്നര്‍മാരെ ഇറക്കി. ഇന്ത്യക്കായി കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. വരുൺ ചക്രവര്‍ത്തിയുടെ എട്ടാം ഓവറിൽ വില്‍ യങ് എൽബിഡബ്ല്യു ആയി. ആദ്യ പന്തിൽ തന്നെ കുൽദീപ് യാദവ് രചിൻ രവീന്ദ്രയെ ബോൾഡാക്കുകയും ചെയ്തു. കെയ്ൻ വില്യംസനെ സ്വന്തം പന്തിൽ കുൽദീപ് പിടിച്ചെടുത്തു. 

14 റൺസെടുത്ത ടോം ലാഥമിനെ രവീന്ദ്ര ജഡേജ എൽബിഡബ്ല്യു ആക്കി. വരുൺ ചക്രവർത്തിയെറിഞ്ഞ 38–ാം ഓവറിൽ ഗ്ലെൻ ഫിലിപ്സ് ബോൾഡാകുകയായിരുന്നു. മുഹമ്മദ് ഷമിയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ‍ഡാരിൽ മിച്ചലിനെ ക്യാപ്റ്റൻ രോഹിത് ശർമ പിടിച്ചെടുത്തു. കിവീസ് ക്യാപ്റ്റൻ മിച്ചൽ‌ സാന്റ്നർ റണ്ണൗട്ടായി. മുഹമ്മദ് ഷമിക്കും ഒരു വിക്കറ്റുണ്ട്. 

ENGLISH SUMMARY:

India wins Champions Trophy after 12 years