ഏകദിന മത്സരങ്ങളില്‍ വീണ്ടും ഇന്ത്യയ്ക്ക് ടോസ് നഷ്ടം. തുടര്‍ച്ചയായ 12 ഏകദിന മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറയുടെ റെക്കോര്‍ഡിനൊപ്പം രോഹിത് ശര്‍മ എത്തി. ഇന്ത്യന്‍ ടീമിന്‍റെ കണക്കില്‍ ഇതുവരെ 15 മത്സരങ്ങളിലാണ് ടോസ് നഷ്ടപ്പെട്ടത്. 2023 ഏകദിന ലോകകപ്പ് മുതല്‍ തുടങ്ങിയ ഇന്ത്യയുടെ ടോസിലെ ഭാഗ്യക്കേട് പക്ഷെ കളത്തില്‍ അത്രത്തോളമില്ല.
1998 ഒക്ടോബര്‍ മുതല്‍ 199 മേയ് വരെ 12 മത്സരങ്ങളിലാണ് ലാറ ടോസ് നഷ്ടപ്പെടുത്തിയത്. ഈ സംഖ്യയിലേക്കാണ് രോഹിത് ശര്‍മയും എത്തിയത്. രോഹിതിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ അവസാനമായി ഏകദിനത്തില്‍ ടോസ് വിജയിച്ചത് ന്യൂസീലന്‍ഡിനെതിരെയാണ്. 2023 ഏകദിന ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു.
ഫൈനിലിന് മുന്‍പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ടീമിന്‍റെ ടോസ് ഭാഗ്യത്തെക്കുറിച്ച് ചോദ്യമുണ്ടായിരുന്നു. ആദ്യം ബാറ്റ് ചെയ്യുന്നതിനും ചെയ്സ് ചെയ്യുന്നതിനും ടീമിന് ഒരുപോലെ ആത്മവിശ്വാസമുണ്ടെന്നായിരുന്നു വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പറഞ്ഞത്. രണ്ടാമത് ബാറ്റ് ചെയ്യുന്നതിനെ കാര്യമാക്കുന്നില്ല. നമ്മൾ ചെയ്സ് ചെയ്യുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. ടോസിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല, നന്നായി കളിക്കുക ഇതാണ് ഡ്രസിങ് റൂമില്‍ സംസാരിക്കുന്നതെന്ന് രോഹിതും പറഞ്ഞു.
ടോസ് നഷ്ടപ്പെട്ടാലും ഇന്ത്യന്‍ വിജയത്തെ ബാധിക്കുന്നില്ലെന്നതാണ് കണക്ക്. 2023 ഏകദിന ലോകകപ്പിലെ ഫൈനലിലാണ് ഇന്ത്യയുടെ ടോസ് നഷ്ട പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ഈ മത്സരം ഇന്ത്യ തോറ്റെങ്കിലും പിന്നീട് കളിമാറി.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന പരമ്പരയില്‍ മൂന്ന് കളിയിലും ടോസ് നഷ്ടം. ഇന്ത്യ ജയിച്ചത് രണ്ടില്‍. പക്ഷെ ശ്രീലങ്കയിലെത്തിയപ്പോള്‍ ടോസിനൊപ്പം മത്സരഫലത്തിനും ഇന്ത്യയ്ക്ക് നിരാശമായിയരുന്നു. മൂന്ന് മത്സരത്തിലും ഇന്ത്യയ്ക്ക് ജയിക്കാനായിട്ടില്ല. ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളാണ് ടോസ് നഷ്ടപ്പെട്ടത്. മൂന്നിലും ഇന്ത്യ ജയിച്ചു. ചാംപ്യാന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിച്ച ഒറ്റ മത്സരത്തിലും ടോസ് കിട്ടിയില്ലെങ്കിലും ജയിക്കാന്‍ ഇന്ത്യയ്ക്കായി.