Image Credit: X/ @_FaridKhan
ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ച വകയില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് 869 കോടി രൂപ (85 മില്യണ്‍ ഡോളര്‍)യുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്. ടിക്കറ്റ് വില്‍പ്പനയും സ്പോണ്‍സര്‍ഷിപ്പുകളും കാര്യമായ വരുമാനം ഉണ്ടാക്കാഞ്ഞതോടെയാണ് ടീം വലിയ നഷ്ടത്തിലേക്ക് വീണത്. പാക്കിസ്ഥാന്‍ ആതിഥ്യേത്വം വഹിച്ച ടൂര്‍ണമെന്‍റാണെങ്കിലും ഒരു മത്സരം മാത്രമാണ് ടീം നാട്ടില്‍ കളിച്ചത്.
ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് നാട്ടില്‍ തോല്‍വി വഴങ്ങിയ ടീം രണ്ടാം മത്സരം കളിച്ചത് ഇന്ത്യയോട് ദുബൈയില്‍. ബംഗ്ലാദേശിനെതിരെ കളിക്കേണ്ട മൂന്നാം മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെ പാക്കിസ്ഥാന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഒരു സെമി ഫൈനലും ഫൈനല്‍ മത്സരവും നടന്നത് ദുബായിലാണ്.
ചെലവിനൊത്ത വരുമാനം പാക്കിസ്ഥാന് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 18 ബില്യണ്‍ പാക് രൂപ, അതായത് 58 മില്യണ്‍ ഡോളറാണ് റാവല്‍പിണ്ടി, ലോഹാര്‍, കറാച്ചി എന്നിവിടങ്ങളിലെ മൈതാനം നവീകരിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെലവാക്കിയത്. ആകെ ബജറ്റിന്‍റെ 50 ശതമാനത്തിലധികം ഈ ഇനത്തില്‍ ചിലവായി.
ഇതിനൊപ്പം 40 മില്യണ്‍ ഡോളര്‍ പരിപാടിയുടെ നടത്തിപ്പാനിയി ചിലവാക്കി. എന്നാല്‍ ഹോസ്റ്റിങ് ഫീസായി തിരികെ ലഭിച്ചതാകട്ടെ ആറു മില്യണ്‍ ഡോളര്‍ മാത്രമാണ്. ടിക്കറ്റ് വിൽപ്പനയുടെയും സ്പോൺസർഷിപ്പുകളുടെയും കാര്യത്തിൽലും വരുമാനം തുച്ഛമായിരുന്നു. ഇതോടെ പിസിബിക്ക് ഏകദേശം 85 മില്യൺ യുഎസ് ഡോളറിന്റെ നഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട് പറയുന്നത്.
ക്രിക്കറ്റ് ബോര്‍ഡ് നഷ്ടം നേരിടേണ്ടി വന്നെങ്കിലും സഹിക്കേണ്ടി വരുന്നത് താരങ്ങള്‍ക്കാണ്. ടി20 ചാംപ്യൻഷിപ്പിലെ മാച്ച് ഫീസ് 90 ശതമാനവും റിസർവ് പ്ലെയർ പേയ്‌മെന്റുകൾക്കുള്ളത് 87.5 ശതമാനവും കുറച്ചിട്ടുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ചിരുന്ന ക്രിക്കറ്റ് താരങ്ങളുടെ താമസം ബജറ്റ് ഹോട്ടലുകളിലേക്കും മാറ്റാനാ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനം.