ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മത്സരത്തിന് സുരക്ഷാ ഭീഷണി. ഏപ്രില്‍ ആറിന് നടക്കേണ്ട ലഖ്നൗ സൂപ്പര്‍ ജെയന്‍റ്സിനെതിരായ കൊല്‍ക്കത്തയുടെ ഹോം മാച്ച് സുരക്ഷ പ്രശ്നത്തെ തുടര്‍ന്ന് മാറ്റിവെയ്ക്കാനാണ് സാധ്യത. രാമനവമി ആഘോഷങ്ങളുള്ളതിനാല്‍ മത്സരത്തിന് പൊലീസ് സുരക്ഷാ ക്ലിയറന്‍സ് നല്‍കിയിട്ടില്ല. ഇതോടെ മത്സരം മാറ്റിവെയ്ക്കും എന്നാണ് സൂചന.
രാമനവമി ദിനത്തിൽ പശ്ചിമ ബംഗാളിൽ ഉടനീളം 20,000-ത്തിലധികം ഘോഷയാത്രകൾ നടക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ സംസ്ഥാനത്തുടനീളം സുരക്ഷ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യമായി പൊലീസ് സുരക്ഷ മത്സരത്തിന് നല്‍കാനാവില്ലെന്നതാണ് പ്രതിസന്ധി.
ഇതു സംബന്ധിച്ച് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്നേഹാഷിഷ് ഗാംഗുലിയും സിറ്റി പൊലീസ് അധികൃതരും ചര്‍ച്ച നടത്തി. മത്സരവുമായി മുന്നോട്ട് പോകാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരം. ആവശ്യമായ സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് സുരക്ഷയില്ലാതെ 65,000 ത്തിലധികം കാണികളെ ഉള്‍കൊള്ളിച്ച് മത്സരം നടത്താനികില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യം ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തിലും രാമനവമി ദിനത്തിൽ ഐപിഎൽ മത്സരം മാറ്റിവെക്കേണ്ടി വന്നിരുന്നു. അന്ന് രാജസ്ഥാന്‍ റോയല്‍സായിരുന്നു കൊല്‍ക്കത്തയുടെ എതിരാളി. മാര്‍ച്ച് 22 ന് കൊല്‍ക്കത്തയിലാണ് ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സും തമ്മിലാണ് ആദ്യ ഐപിഎല്‍ മത്സരം.