ഐപിഎല്‍ ഓപ്പണിങ് മല്‍സരത്തില്‍ മിന്നും വിജയമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നേടിയത്. മല്‍സര ശേഷം ഡ്രസിങ് റൂമില്‍ ചില രസകരമായ സംഭവങ്ങള്‍ അരങ്ങേറി. വിരാട് കോലിയുടെ ബാഗ് താരത്തിന്‍റെ അനുവദമില്ലാതെ യുവതാരം തുറന്നു, പെര്‍ഫ്യൂം എടുത്ത് ഉപയോഗിച്ചു. അതും കോലിയുടെ സാന്നിധ്യത്തില്‍.
കഴിഞ്ഞ ലേലത്തില്‍ ആര്‍സിബി 30 ലക്ഷം രൂപയ്ക്ക് വാങ്ങിയ സ്വാസ്തിക് ചികാരയാണ് കോലിയുടെ ബാഗ് തുറന്ന് പരിശോധിച്ചത്. ഈ സമയം ഡ്രസിങ് റൂമിലുണ്ടായിരുന്ന യാഷ് ദയാലും ക്യാപ്റ്റന്‍ രജിത് പാട്ടിദാറും ഇക്കാര്യം പറയുന്ന വിഡിയോ സമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.
'കൊല്‍ക്കത്തയിലെ അവസാന മല്‍സരശേഷം ഡ്രസിങ് റൂമിലിരിക്കുകയായിരുന്നു. സ്വാസ്തിക്, കോലിയുടെ ബാഗ് തുറന്ന് ചോദിക്കാതെ പെര്‍ഫ്യൂം എടുത്ത് ഉപയോഗിച്ചു. എല്ലാവരും ചിരിക്കാന്‍ തുടങ്ങിയപ്പോഴും അവന്‍ അറിയാത്ത പോലെ ഇരിക്കുകയായിരുന്നു', യാഷ് ദയാല്‍ പറഞ്ഞു. കോലി ഭായ് അവിടെ ഉണ്ടായിരുന്നു, ഇവനിത് എന്താണ് ചെയ്യുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെട്ടുവെന്ന് രജിത് പാട്ടിദാറും പറഞ്ഞു.
കോലി നമ്മുടെ മൂത്ത സഹോദരനല്ലെ, അതുകൊണ്ട് അദ്ദേഹം വേണ്ടാത്തതൊന്നും ഉപയോഗിക്കുന്നില്ലല്ലോ എന്ന് ഉറപ്പാക്കാന്‍ വേണ്ടി ചെയ്തതാണ് എന്നാണ് സ്വാസ്തികിന്‍റെ മറുപടി. പെർഫ്യൂം എങ്ങനെയുണ്ടെന്ന് അദ്ദേഹം എന്നോടു ചോദിച്ചു. നല്ലതാണെന്നു ഞാൻ മറുപടിയും നൽകി എന്നും സ്വാസ്തിക് ചികാര പറഞ്ഞു.
വെള്ളിയാഴ്ച ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.