ഐപിഎല്ലിന് പിന്നാലെ ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ ഉണ്ടായേക്കില്ല. ടെസ്റ്റിലെ മോശം പ്രകടനത്തെ തുടര്‍ന്ന് താരം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് ക്യാപ്റ്റനെതിരെ ഉയര്‍ന്നതും. അതേസമയം, വിരാട് കോലി ടെസ്റ്റ് ടീമില്‍ ഇടം പിടിക്കാനാണ് സാധ്യത. ഓസീസിനെതിരെ താളം വീണ്ടെടുക്കാനാവാത്തതിന്‍റെ പേരില്‍ കോലിയും പഴി കേട്ടിരുന്നു.
ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ രോഹിത് കളിച്ചിരുന്നുമില്ല. ഈ മല്‍സരത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായതും. രോഹിതില്ലാതെ ബുംറയുടെ നേതൃത്വത്തിലിറങ്ങിയ ടീം ഉജ്വല ജയമാണ് അന്ന് നേടിയത്. രണ്ടാം ടെസ്റ്റ് മുതല്‍ ടീമിനൊപ്പം രോഹിത് ചേര്‍ന്നുവെങ്കിലും ദയനീയ പ്രകടനമാണ് കാഴ്ച വയ്ക്കാനായത്. മൂന്ന് കളികളില്‍ നിന്നായി 6.20 ശരാശരിയില്‍ 31 റണ്‍സ് മാത്രമാണ് താരം നേടിയത്. സിഡ്നി ടെസ്റ്റില്‍ രോഹിത് ഇറങ്ങിയതുമില്ല. പിന്നാലെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതിയെങ്കിലും അത്തരമൊരു ആലോചനയേ തനിക്കില്ലെന്ന് രോഹിത് സ്റ്റാര്‍ സ്പോര്‍ട്സിനോട് വെളിപ്പെടുത്തുകയും ചെയ്തു. ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിതും വിരാടും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഫൈനലില്‍ 76 റണ്‍സെടുത്ത് രോഹിത് തിളങ്ങിയപ്പോള്‍ പാക്കിസ്ഥാനെതിരെയും ഓസീസിനെതിരെയും കോലി തകര്‍ത്തടിക്കുകയും ചെയ്തു.
ജൂണ്‍ 20നാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് തുടക്കമാവുക. ലീഡ്സില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിന് ശേഷം എജ്ബാസ്റ്റണിലും, ലോര്‍ഡ്സിലും ഓള്‍ഡ് ട്രഫോര്‍ഡിലും കെന്നിങ്ടണ്‍ ഓവലിലുമായി മറ്റ് മൂന്ന് ടെസ്റ്റുകളും നടക്കും. ഈ മാസം 29ന് ഗുവാഹട്ടിയില്‍ ചേരുന്ന യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, പ്രധാന പരിശീലകന്‍ ഗൗതം ഗംഭീര്‍, ബിസിസിഐ അധ്യക്ഷന്‍ ദേവ്ജിത് സാക്കിയ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.