കിങ് കപ്പ് ഓഫ് ചാംപ്യന്‍സ് ഫൈനലില്‍ അല്‍ ഹിലാലിനോട് തോറ്റ് കിരീടം കൈവിട്ടതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ഗ്രൗണ്ട് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 120 മിനിറ്റിലും 1–1 എന്ന സമനില തുടര്‍ന്നതോടെയാണ് അല്‍ നസര്‍–അല്‍ ഹിലാല്‍ മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 5–4നായിരുന്നു അല്‍ നസറിന്‍റെ തോല്‍വി. സീസണില്‍ ഒരു കിരീടം പോലുമില്ലാതെയാണ് അല്‍നസറിന്‍റെ മടക്കം.
കിരീടവുമായി മടങ്ങാമെന്നുറച്ച് കളത്തിലിറങ്ങിയ അല്‍ നസറിന് ആറാം മിനിറ്റില്‍ തന്നെ കനത്ത പ്രഹരമേറ്റു. മാല്‍കമിന്‍റെ ക്രോസില്‍ അലക്സാന്ദ്രര്‍ മിത്രോവികാണ് അല്‍ ഹിലാലിനായി വല കുലുക്കിയത്. രണ്ടാം പകുതിക്ക് 11 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ബോക്സിന് പുറത്തിറങ്ങി മാല്‍കമിനെ തടഞ്ഞതിന് ഗോളി ഡേവിഡ് ഒസ്പിന ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുമായി. തുടര്‍ന്ന് 10 പേരുമായാണ് ക്രിസ്റ്റിയാനോയും സംഘവും കളി തുടര്‍ന്നത്. 87–ാം മിനിറ്റില്‍ സമി അല്‍ നജെയെ തല കൊണ്ടിടിച്ചതോടെ അല്‍ ഹിലാലിന്‍റെ അലി അല്‍ ബുലാഹിക്ക് ചുവപ്പ് കാര്‍ഡ്. വീണു കിട്ടിയ അവസരം അയ്മന്‍ യഹ്യ ലോങ് ത്രോയിലൂടെ ഗോളാക്കി. കളിയില്‍ ആവേശമേറി.
നിശ്ചിത സമയം പിന്നിട്ട് എക്സ്ട്രാ ടൈമിലേക്ക് നീണ്ടിട്ടും പക്ഷേ ഇരുടീമുകള്‍ക്കും രണ്ടാം ഗോളടിക്കാനായില്ല. ഇതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
റൊണാള്‍ഡോ പെനല്‍റ്റി വലയിലാക്കി. പക്ഷേ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ അലക്സ് പെനല്‍റ്റി പാഴാക്കുകയായിരുന്നു. 5–4 ന് അല്‍ നസര്‍ തോറ്റു. കിരീടം അല്‍ ഹിലാലിന്. 2023 ലെ അറബ് ലീഗ് ഫൈനലിലേറ്റ പ്രഹരത്തിന് ഭാഗ്യത്തിന്‍റെ അകമ്പടിയോടെ അല്‍ഹിലാലിന്‍റെ മധുരപ്രതികാരം. തകര്‍ന്നുപോയ ക്രിസ്റ്റ്യാനോ ഗ്രൗണ്ടിലിരുന്ന് പൊട്ടിക്കരഞ്ഞു. ടീമംഗങ്ങളുടെ ആശ്വസിപ്പിക്കലുകള്‍ക്ക് ക്രിസ്റ്റിയാനോയെ സമാധാനിപ്പിക്കാനായില്ല. ബോക്സിലെത്തിയ ശേഷവും വിതുമ്പിക്കരയുന്ന ക്രിസ്റ്റിയാനോയുടെ ദൃശ്യങ്ങള്‍ ആരാധകരെയും കണ്ണീരിലാഴ്ത്തി.
ടീം കിരീടം നേടിയില്ലെങ്കിലും വ്യക്തിപരമായി മികച്ച നേട്ടമുണ്ടാക്കിയാണ് ക്രിസ്റ്റ്യാനോ സൗദി ലീഗ് അവസാനിപ്പിക്കുന്നത്. 31 കളികളില്‍ നിന്നായി 35 ഗോളുകളാണ് താരം സ്വന്തമാക്കിയത്. ഇതുവരെ 64 ഗോളുകളും അല്‍നസറിനായി നേടി. 2023 ജനുവരി മുതലാണ് ക്രിസ്റ്റ്യാനോ അല്‍നസറിലെത്തിയത്. കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.