ലോകകപ്പിനേക്കാള്‍ പ്രയാസമേറിയതാണ് യൂറോ കപ്പ് എന്ന ഫ്രഞ്ച് സൂപ്പര്‍ താരം എംബാപ്പെയുടെ പ്രതികരണത്തിന് മറുപടിയുമായി അര്‍ജന്റൈന്‍ താരങ്ങള്‍. അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ലിയാന്‍ഡ്രോ പരഡെസുമാണ് എംബാപ്പെയ്ക്ക് മറുപടിയുമായി എത്തിയത്. ഞങ്ങള്‍ കോപ്പയും ഫൈനലിസിമയും ലോകകപ്പും നേടി എന്ന് എംബാപ്പെയെ ഓര്‍മിപ്പിച്ചായിരുന്നു ലിയാന്‍ഡ്രോ പരഡെസിന്റെ വാക്കുകള്‍.
യൂറോ കപ്പാണ് ലോകകപ്പിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായത്, ലോകകപ്പില്‍ സമ്മര്‍ദം കൂടുതലാണ് എങ്കിലും. യൂറോയില്‍ എല്ലാ ടീമുകള്‍ക്കും പരസ്പരം അറിയാം. ഒരുമിച്ച് കളിക്കുന്നവരാണ് ഞങ്ങള്‍. യൂറോ ടീമുകളുടെ തന്ത്രങ്ങള്‍ ഏറെക്കൂറെ സാമ്യമുള്ളതാണ് എന്നായിരുന്നു എംബാപ്പെയുടെ വാക്കുകള്‍.
ഈ വര്‍ഷത്തെ കോപ്പ അമേരിക്ക കഴിഞ്ഞതിനേക്കാള്‍ പ്രയാസകരമായിരിക്കും. എന്നാല്‍ ലോകകപ്പിനേക്കാള്‍ പ്രയാസമായതൊന്നുമില്ല. പല വേദികളില്‍ കളിക്കേണ്ടി വരും. ഓരോ മൂന്ന് ദിവസത്തിലും യാത്ര ചെയ്യേണ്ടി വരും. ചൂടായിരിക്കും. ചൂടത്ത് പരിശീലിക്കേണ്ടി വരും. 40 ദിവസത്തിന് ശേഷമാവും ഫൈനല്‍ വരിക..ലോകകപ്പ് പ്രയാസകരമാണ്, എംബാപ്പെയ്ക്ക് മറുപടിയായി എമിലിയാനോ മാര്‍ട്ടിനസ് പറയുന്നു.
ലോകകപ്പ് ജയിക്കാന്‍ ഭാഗ്യമുണ്ടായി, എന്നാല്‍ എംബാപ്പെ ഇതുവരെ യൂറോ കപ്പ് നേടിയിട്ടില്ല. ഞങ്ങള്‍ക്ക് കോപ്പയും ഫൈനലിസിമയും ലോകകപ്പും ജയിക്കാന്‍ ഭാഗ്യമുണ്ടായി, ലിയാന്‍ഡ്രോ പരഡെസ് പറഞ്ഞു. യൂറോപ്യന്‍ ഫുട്ബോളിന് കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ട് എംബാപ്പെയില്‍ നിന്ന് വന്ന പ്രതികരണത്തിന് എതിരെ ആരാധകരില്‍ നിന്നുള്ള വിമര്‍ശനങ്ങളും ശക്തമായിരുന്നു.