cristiano-ronaldo

1-0ന് പിന്നിലേക്ക് പോയെങ്കിലും ചെക്ക് റിപ്പബ്ലിക്കിന് എതിരെ 2-1ന് ജയിച്ചു കയറിയ ആശ്വാസത്തിലാണ് പോര്‍ച്ചുഗല്‍. റോബിന്റെ 69ാം മിനിറ്റിലെ സെല്‍ഫ് ഗോളും ഇഞ്ചുറി ടൈമിലെ ഫ്രാന്‍സിസ്കോയുടെ ഗോളുമാണ് പോര്‍ച്ചുഗലിനെ ജയം പിടിക്കാന്‍ തുണച്ചത്. എന്നാല്‍ മത്സരത്തില്‍ ക്രിസ്റ്റ്യാനോയുടെ അസിസ്റ്റില്‍ നിന്ന് വന്ന ഡിയാഗോ ജോട്ടയുടെ ഗോള്‍ വാറില്‍ തട്ടിയകന്നത് പോര്‍ച്ചുഗലിന് കല്ലുകടിയായി.

87ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയാണ് ബോക്സിന് മുന്‍പില്‍ നില്‍ക്കുന്ന ജോട്ടയിലേക്ക് ക്രിസ്റ്റ്യാനോ പന്ത് എത്തിച്ചത്. ഫിനിഷിങ്ങില്‍ ഡിയാഗോ ജോട്ടയ്ക്ക് പിഴയ്ക്കാതിരുന്നതോടെ പോര്‍ച്ചുഗല്‍ 2-1ന്റെ ലീഡിലേക്ക് എത്തുമെന്ന് തോന്നിച്ചു. വിജയ ഗോളെന്ന ചിന്തയില്‍ പോര്‍ച്ചുഗല്‍ താരങ്ങള്‍ ആഘോഷം തുടങ്ങിയെങ്കിലും റഫറി വാറിന്റെ സഹായം തേടി. 

ബോക്സില്‍ ക്രിസ്റ്റ്യാനോയിലേക്ക് ക്രോസ് വരുന്ന മയം ക്രിസ്റ്റ്യാനോ ഓഫ് സൈഡായിരുന്നു എന്നാണ് വാറില്‍ തെളിഞ്ഞത്. നേരിയ വ്യത്യാസത്തിലാണ് ക്രിസ്റ്റ്യാനോ ഇവിടെ ഓഫ് സൈഡില്‍ കുരുങ്ങിയത്.  ഇതിനൊപ്പം ഒരു ഫൗളും കണ്ടെത്തിയതോടെ ഗോള്‍ നിരസിക്കുകയായിരുന്നു. 

ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചതിന് ശേഷം രണ്ടാം പകുതിയില്‍ പോര്‍ച്ചുഗലിനെ ഞെട്ടിച്ച് ചെക്ക് റിപ്പബ്ലിക് 62ാം മിനിറ്റില്‍ വല കുലുക്കി. ലുകാസ് പ്രൊവോഡിന്റേതായിരുന്നു ഗോള്‍. എന്നാല്‍ 1-0ന്റെ ലീഡ് അധിക സമയം നിലനിര്‍ത്താന്‍ ചെക്ക് റിപ്പബ്ലിക്കിനായില്ല. 69ാം മിനിറ്റില്‍ റോബിന്റെ ഓണ്‍ ഗോളിലൂടെ പോര്‍ച്ചുഗല്‍ സമനില ഗോള്‍ നേടി. ഇഞ്ചുറി ടൈമിലെ 21കാരനായ ഫ്രാന്‍സിസ്കോയുടെ ഗോളിലാണ് പോര്‍ച്ചുഗല്‍ ജയിച്ചുകയറിയത്. 

ENGLISH SUMMARY:

Despite going behind 1-0, Portugal is relieved to win 2-1 against the Czech Republic. Robin's own goal in the 69th minute and Francisco's goal in injury time helped Portugal win