മുറിയിലെ ചുമരില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രവും പതിച്ച് ഫുട്ബോള്‍ സ്വപ്നം കണ്ട് വളര്‍ന്ന എംബാപ്പെ. റയലിന്റെ പരിശീലന ഗ്രൗണ്ടുകളിലൊന്നില്‍ ക്രിസ്റ്റ്യാനോയ്ക്കൊപ്പം നില്‍ക്കുന്ന പതിമൂന്നുകാരന്‍ എംബാപ്പെയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു ഒരു സമയം. 2012ല്‍ ഇരുവരുടേയും ആദ്യ കൂടിക്കാഴ്ചയിലായിരുന്നു ഇതെന്നാണ് കരുതപ്പെടുന്നത്. 2020ല്‍ എംബാപ്പെ പരസ്യമായി തന്നെ അത് പ്രഖ്യാപിച്ചു, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് എന്റെ ആരാധനാപാത്രം. ആ എംബാപ്പെയും ക്രിസ്റ്റ്യാനോയും നേര്‍ക്കുനേര്‍ വരുന്ന പോര്...യൂറോ കപ്പില്‍ ഫ്രാന്‍സ്–പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നടക്കുമ്പോള്‍ ഇരുവരിലേക്കുമാവും ആരാധകരുടെ ശ്രദ്ധ.
ക്രിസ്റ്റ്യാനോയുടെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് കരിയറിനെ എംബാപ്പെയുടെ ഫ്രാന്‍സ് തിരശീലയിടുമോ? മുന്നോട്ട് പോകാം, യുദ്ധം ചെയ്യാം, ഫ്രാന്‍സിനെതിരായ മത്സരത്തിന് മുന്‍പ് ക്രിസ്റ്റ്യാനോ സഹതാരങ്ങളോട് പറയുന്നത് ഇങ്ങനെ. യൂറോപ്പിലെ ക്രിസ്റ്റ്യാനോയുടെ അവസാന പ്രധാന മത്സരമായേക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം. ഇത് ആദ്യമായല്ല ക്രിസ്റ്റ്യാനോയും എംബാപ്പെയും നേര്‍ക്കുനേര്‍ വരുന്നത്. 2017-18ലെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എംബാപ്പെയുടെ പിഎസ്ജിയെയാണ് ക്രിസ്റ്റ്യാനോയുടെ റയല്‍ തകര്‍ത്തത്.
2016 യൂറോ കപ്പ് ഫൈനലില്‍ പോര്‍ച്ചുഗലില്‍ നിന്ന് തോല്‍വി ഏറ്റുവാങ്ങുമ്പോള്‍ എംബാപ്പെ തന്റെ സീനിയര്‍ ടീമിലെ രാജ്യാന്തര കരിയര്‍ ആരംഭിച്ചിരുന്നില്ല. യൂറോ 2020ല്‍ 2-2ന്റെ സമനില പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പിടിച്ചപ്പോള്‍ ക്രിസ്റ്റ്യാനോയാണ് രണ്ട് ഗോളും നേടിയത്. എന്നാല്‍ ആറ് വര്‍ഷം മുന്‍പ് ചാംപ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ കണ്ട 19കാരനല്ല എംബാപ്പെ ഇപ്പോള്‍. ഫ്രാന്‍സിന്റെ യൂറോ കപ്പ് പ്രതീക്ഷകള്‍ ഈ ഇരുപത്തിയഞ്ചുകാരന്റെ ചുമലുകളിലാണ്.
യൂറോ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഓസ്ട്രിയക്കെതിരെ മൂക്കിനേറ്റ പരുക്ക്. പ്രൊട്ടക്റ്റീവ് മാസ്കിന്റെ അലോസരപ്പെടുത്തലിനൊപ്പം കളിക്കേണ്ടി വരുന്ന അസ്വസ്ഥ എംബാപ്പെയെ കുഴയ്ക്കുമ്പോള്‍ മറുവശത്ത് ക്രിസ്റ്റ്യാനോയ്ക്കും തിരിച്ചടികളെ കുറിച്ചാണ് പറയാനുള്ളത്. ജോര്‍ജിയക്കും സ്ലൊവേനിയക്കും എതിരെ പോലും സ്കോര്‍ ചെയ്യാന്‍ സാധിക്കാതെ നിന്ന ക്രിസ്റ്റ്യാനോ ഫ്രാന്‍സിനെതിരായ മത്സരത്തില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുമോ എന്നതും പ്രധാന ചോദ്യമാണ്. ക്രിസ്റ്റ്യാനോയുടെ സാന്നിധ്യം പോര്‍ച്ചുഗല്‍ നീക്കങ്ങളെ പിന്നോട്ടു വലിക്കുന്നതായുള്ള വിലയിരുത്തലുകള്‍ ശക്തമായി കഴിഞ്ഞു.