ഫിഫയുടെ ഔദ്യോഗിക പേജില്‍ മലയാളത്തില്‍ ഒരു പോസ്റ്റ് വന്നാല്‍ ആരായാലും സംശയിക്കും ഇനി ഈ പേജിന്‍റെ അഡ്മിന്‍ മലയാളിയാണോ? അതോ ഈ പേജ് ഒറിജിനലാണോ എന്ന്. എന്നാല്‍ ആ അവസ്ഥയിലാണ് മലയാളികള്‍. കാരണം ഫിഫയുടെ ഒരു പോസ്റ്റാണ് അതും മലയാളത്തില്‍.
കോഴിക്കോട് ചാത്തമംഗലത്ത് ലോകകപ്പിന് മുന്നോടിയായി പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും റൊണാൾഡോയുടെയും കട്ടൗട്ടുകളുടെ ചിത്രം പങ്കിട്ടാണ് ഫിഫയുടെ പോസ്റ്റ്. ‘മെസി റൊണാൾഡോ നെയ്മർ, ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ്. നിങ്ങളുടേത് ആരാണ്' എന്നെഴുതിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
പിന്നാലെ കമന്‍റുകളുമായി മലയാളികളുമെത്തി. ‘ഫിഫയുടെ പേജ് ഏതോ മലയാളി ഹാക്ക് ചെയ്തു എന്ന് തോന്നുന്നു’, ‘മലയാളത്തിൽ പോസ്റ്റിട്ട അഡ്മിൻ ആണെന്റെ ഹീറോ’, ‘മലയാളികൾ കമന്റ് ബോക്സ് തൂക്കി എന്ന് പറയാൻ പറഞ്ഞു’ എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍. 50 മില്യണ്‍ ലൈക്കും 59 മില്യണ്‍ ഫോളോവേഴ്സുമുള്ള ഫിഫ വേള്‍ഡ് കപ്പ് എന്ന് ഫെയ്സ്ബുക്ക് പേജിലാണ് പോസ്റ്റ് എത്തിയത്.
ഖത്തർ ലോകകപ്പ് സമയത്താണ് കോഴിക്കോട് ചാത്തമംഗലത്ത് പുള്ളാവൂര്‍ പുഴയില്‍ കൂറ്റന്‍ കട്ടൗട്ടുകള്‍ ഉയര്‍ന്നത്. ആദ്യം 30 അടി വലിപ്പമുള്ള ലയണല്‍ മെസിയുടെ കട്ടൗട്ടായിരുന്നു ഉയര്‍ന്നത്. പിന്നാലെ 40 അടി വലിപ്പമുള്ള നെയ്മറുടെ കട്ടൗട്ടും 47 അടിയില്‍ റൊണാള്‍ഡോയുടെ കട്ടൗട്ടും ഉയര്‍ന്നു. ഇവ തരംഗമായതോടെ കാല്‍പന്തുകളിയുടെ അതേ ആവേശത്തില്‍ കട്ടൗട്ടുകള്‍ ഉയര്‍ത്തിയും ടീമുകള്‍ മല്‍സരിക്കാന്‍ തുടങ്ങിയിരുന്നു. പുഴയില്‍ താരങ്ങളുടെ കട്ടൗട്ട് സ്ഥാപിച്ചത് ഫിഫ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോളിതാ മലയാളത്തില്‍ പോസ്റ്റുമായി എത്തിയിരിക്കുയാണ് ഫിഫ.