jamal-musiala

TOPICS COVERED

യൂറോ കപ്പില്‍ ജര്‍മനിയുടെ തുറുപ്പു ചീട്ടാവുന്ന താരം. അടുത്ത മെസി എന്ന വിളിപ്പേര് വെറുതെയല്ല എന്ന് തെളിയിച്ച് മുസിയാല പന്ത് തട്ടിയതിന്റെ കൂടി ബലത്തിലാണ് യൂറോ കപ്പ് ഗ്രൂപ്പ് എയില്‍ ജര്‍മനി രണ്ട് മത്സരവും ജയിച്ച് ഒന്നാമത് നില്‍ക്കുന്നത്. യൂറോ കപ്പിലും മുസിയാല തന്റെ മികവ് ലോകത്തിന് മുന്‍പില്‍ വരച്ചിടുന്നതിന് ഇടയില്‍ താരത്തെ ആന്‍ഫീല്‍ഡിലേക്ക് എത്തിക്കാന്‍ ലക്ഷ്യം വെക്കുകയാണ് ലിവര്‍പൂള്‍.

musiala-new

ഫോട്ടോ: റോയിറ്റേഴ്സ്

മുസിയാലയെ വിട്ടുനല്‍കുന്നതിന് 100 മില്യണ്‍ പൗണ്ട് ബയേണ്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ആവശ്യം ലിവര്‍പൂള്‍ അംഗീകരിച്ചാല്‍ ലിവര്‍പൂളിലേക്ക് ഏറ്റവും ഉയര്‍ന്ന തുകയ്ക്കെത്തുന്ന താരമാവും മുസിയാല. ലിവര്‍പൂളിനെ കൂടാതെ ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ക്ലബുകളും മുസിയാലയെ ലക്ഷ്യം വെച്ച് ട്രാന്‍സ്ഫര്‍ വിപണിയിലുണ്ട്. 

യൂറോ കപ്പില്‍ സ്കോട്ട്ലന്റിനെതിരേയും ഹംഗറിക്കെതിരേയും മുസിയാല ഗോള്‍ നേടി. സ്കോട്ട്ലന്‍ഡിനെതിരായ കളിയില്‍ 59 ടച്ചുകളാണ് താരത്തില്‍ നിന്ന് വന്നത്. ഹംഗറിക്കെതിരെ 61 ടച്ചുകളും. സ്കോട്ട്ലന്‍ഡിന് എതിരെ 100 ശതമാനമായിരുന്നു പാസ് കൃത്യത. ഹംഗറിക്കെതിരെ 87 ശതമാനവും. സ്കോട്ട്ലന്‍ഡിന് എതിരെ 8 ഡ്രിബിള്‍ ശ്രമങ്ങളില്‍ അഞ്ചിലും വിജയിച്ചു. 

ഡ്രിബിള്‍ ചെയ്തും അത്ഭുതപ്പെടുത്തുന്ന വിധം ഗ്യാപ്പുകള്‍ കണ്ടെത്തിയും മുസിയാല നിറഞ്ഞ് കളിക്കുമ്പോള്‍ ഏത് ലോകോത്തര പ്രതിരോധ നിരയ്ക്കും ഭീഷണിയാവുന്നു. യൂറോയില്‍ റൈറ്റ് വിങ്ങിലാണ് മുസിയാല രണ്ട് മത്സരങ്ങളും കളിച്ചത്. വലത് വിങ്ങില്‍ സലയ്ക്ക് പകരം മുസിയാല എന്നതാണ് ലിവര്‍പൂള്‍ ആരാധകര്‍ സ്വപ്നം കാണുന്നത്. അതല്ലെങ്കില്‍ ലൂയിസ് ഡയസ് ബാര്‍സയിലേക്ക് പോവുകയാണ് എങ്കില്‍ ഇടതും. സലയും ഡയസും ലിവര്‍പൂളില്‍ തുടരുമ്പോഴും ആര്‍നെയുടെ 4-2-3-1 ഫോര്‍മേഷനില്‍ മുസിയാലയെ ഉള്‍പ്പെടുത്താനാവും.കഴിഞ്ഞ സീസണില്‍ ബയേണ്‍ ബുണ്ടസ്​ലീഗയില്‍ മൂന്നാമതാണ് ഫിനിഷ് ചെയ്തത് എങ്കിലും 10 ഗോളും ആറ് അസിസ്റ്റും മുസിയാലയുടെ അക്കൗണ്ടിലുണ്ട്. 

ENGLISH SUMMARY:

Liverpool are aiming to bring the star to Anfield amid Musiala's display of excellence in front of the world at the Euro Cup