എംബപ്പെയില്ലെങ്കിൽ ഫ്രാൻസിന് ഗോൾഭാഗ്യമില്ലേ? ഇല്ലെന്ന് പറയേണ്ട അവസ്ഥയിലാണ് കാര്യങ്ങളുടെ കിടപ്പ്. ഗോളടിക്കുന്നതിനൊപ്പം ഗോളടിപ്പിക്കുകയും ടീമിനെ ജയിപ്പിക്കുകയും ചെയ്യുന്ന സൂപ്പർ സ്ട്രൈക്കറാണ് കിലിയൻ എംബപ്പെ. വെള്ളിയാഴ്ചത്തെ നെതർലൻഡ്സിനെതിരായ മത്സരം ഒരിക്കൽ കൂടി എംബപ്പെയുടെ റോൾ ആരാധകർക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. മത്സരത്തിൽ ഗോൾരഹിത സമനിലയിൽ തൃപ്തിപ്പെടേണ്ടിവന്നു ഫ്രാൻസ്. മൂക്കിനേറ്റ പരുക്കുമൂലം എംബപ്പെ മത്സരിച്ചിരുന്നില്ല.
എംബപ്പെ ഇല്ലാതെ മത്സരിച്ചപ്പോഴെല്ലാം ഒന്നുകിൽ സമനില അല്ലെങ്കിൽ തോൽവി ഇതായിരുന്നു ഫ്രാൻസിന്റെ അവസ്ഥ. ഈ കളിച്ച മത്സരത്തിൽ സമനില. 2022 തുനീസിയക്കെതിരായ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങി ടീം, 2018ൽ ഡെൻമാർക്കിനെതിരായ ലോകകപ്പില്‍ സമനില. രാജ്യാന്തര ടൂർണമെന്റുകൾക്ക് സമാനമായിരുന്നു രാജ്യാന്തര മത്സരങ്ങളുടേയും അവസ്ഥ. ഇക്കഴിഞ്ഞ ജൂണിൽ നടന്ന മത്സരത്തിൽ എംബപ്പെ സബ്സ്റ്റിറ്റ്യൂട്ട് ആയിരുന്ന മത്സരത്തിൽ കാനഡക്കെതിരെ സമനില വഴങ്ങി. 2023 നവംബറിൽ ഗ്രീസിനെതിരെ സമനില. ജർമനിക്കെതിരെ നടന്ന മത്സരത്തിൽ തോൽവി ഏറ്റുവാങ്ങി. 2022 ജൂണിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ സമനില, ഓസ്ട്രിയക്കെതിരെ സമനില, 2021ലാകട്ടെ സെപ്റ്റംബറിൽ യുക്രയിനെതിരെ സമനില, 2020ൽ ഫിൻലൻഡിനെതിരെ എംബപ്പെയില്ലാത്ത മത്സരത്തിൽ ഫ്രാൻസ് തോൽവിയും ഏറ്റുവാങ്ങി. കഴിഞ്ഞ നാലു വർഷത്തെ എംബപ്പെ സബ്സ്റ്റിറ്റ്യൂട്ട് ആവുകയോ മത്സരത്തിനിറങ്ങാതെ വരുകയോ ചെയ്ത മത്സരങ്ങളുടെ അവസ്ഥയാണിത്.
2017ലായിരുന്നു ഫ്രഞ്ച് സീനിയർ ടീമിൽ എംബപ്പെയുടെ അരങ്ങേറ്റം. അതിനു ശേഷം രാജ്യാന്തര ടൂർണമെന്റുകളിൽ എംബപ്പെ ആദ്യ ഇലവനിൽ ഇല്ലാത്ത ഫ്രാൻസിന്റെ മൂന്നാമത്തെ മത്സരമായിരുന്നു ഇക്കഴിഞ്ഞത്. ഈ മൂന്ന് മത്സരങ്ങളിലും വിജയിക്കാനോ ഗോൾ നേടാനോ ടീമിനു സാധിച്ചിട്ടില്ല. ഇതിനൊപ്പം എംബപ്പെ ആദ്യ ഇലവനിൽ ഇല്ലാത്ത അവസാന 7 രാജ്യാന്തര മത്സരങ്ങളിലും ഫ്രാൻസിനു ജയമില്ലാതെ തിരിച്ചുകയറേണ്ടി വന്നു. രണ്ട തോൽവി, അഞ്ച് സമനില എന്നിങ്ങനെയായിരുന്നു ആ മത്സരങ്ങളുടെ ഫലം.