ക്ലബ് ഫുട്ബോളിലെ താരക്കൈമാറ്റത്തിന്‍റെ മാസമാണ് ജനുവരി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ മാര്‍ക്കസ് റാഷ്ഫോഡും ലിവര്‍പൂളിന്‍റെ ട്രെന്‍ഡ് അലക്സാണ്ടര്‍ അര്‍ണോള്‍ഡുമാണ് ഇക്കുറി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. 26കാരന്‍ റൈറ്റ് ബാക്ക് ട്രന്‍ഡിനായി സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡാണ് രംഗത്തുള്ളത്.
ലിവര്‍പൂള്‍ അക്കാദമിയിലൂടെ വളര്‍ന്ന് ആന്‍ഫീല്‍ഡിലെ ഇതിഹാസമായി മാറിയ ട്രെന്‍ഡ് അലക്സാണ്ടര്‍ അര്‍ണോള്‍ഡിന്‍റെ കരാര്‍ ഈ വര്‍ഷത്തോടെ അവസാനിക്കും. പുതുവര്‍ഷത്തലേന്ന് റയല്‍ മഡ്രിഡും ലിവര്‍പൂളുമായി ചര്‍ച്ചനടന്നെങ്കിലും താരക്കൈമാറ്റം സംബന്ധിച്ച് ഇതുവരെ കരാറിലെത്തിയിട്ടില്ല. ട്രെന്‍ഡുമായി ലിവര്‍പൂളിന് കരാര്‍ പുതുക്കാനായില്ലെങ്കില്‍ ജൂണ്‍ മാസത്തിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തെ സൗജന്യമായി മറ്റുക്ലബുകള്‍ക്ക് സ്വന്തമാക്കാന്‍ അവസരം ലഭിക്കും.
26കാരനായ ട്രെന്‍ഡ് ആറാം വയസിലാണ് ലിവര്‍പൂളിലെത്തുന്നത്. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറെന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്ഫോഡ് കഴിഞ്ഞദിവസം പറഞ്ഞത്. റൂബന്‍ അമോറിമിന്‍റെ യുണൈറ്റഡില്‍ ഇടം നഷ്ടമായ റാഷ്ഫോഡ് കഴിഞ്ഞ 5 മല്‍സരങ്ങളില്‍ 4ലും ടീമിലുണ്ടായിരുന്നില്ല.
യുണൈറ്റഡില്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരമായ റാഷ്ഫോഡിനെ ഒഴിവാക്കികിട്ടാനാണ് ക്ലബും കാത്തിരിക്കുന്നത്. ഇത്രവലിയ പ്രതിഫലം നല്‍കിയ റാഷ്ഫോഡിനെ സ്വന്തമാക്കാന്‍ ആരെത്തുമെന്നതാണ് ചോദ്യം. പിഎസ്ജി, സൗദി ക്ലബുകളായ അല്‍ അഹ്ലി, അല്‍ ഇത്തിഹാദ്, അല്‍ ഖദ്സിയാ ടീമുകളാണ് രംഗത്തുള്ളത്.