blasters-thailand

Image Credit: Kerala Blasters | Pattana Sports Resort

ഇന്ത്യന്‍ ഫുട്ബോളിലെ പുതിയ സീസണ്‍ ജൂലൈ 26ന് തുടക്കമാകും. ഡ്യുറന്‍ഡ് കപ്പോടു കൂടി സീസണ്‍ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കങ്ങളും തകൃതിയായി പുരോഗമിക്കുകയാണ്. പ്രീ സീസണ്‍ ഒരുക്കങ്ങളുടെ ഭാഗമായി തായ്‌ലന്‍ഡ് ടൂറിനാണ് ബ്ലാസ്റ്റേഴ്സ് ടിക്കറ്റ് എടുത്തിരിക്കുന്നത്. തായ്‌ലന്‍ഡ് ചൊന്‍ബുരി പ്രവിശ്യയിലെ പട്ടന സ്പോര്‍ട്സ് റിസോര്‍ട്ടിലാണ് മൂന്ന് ആഴ്ച നീണ്ടുനില്‍ക്കുന്ന പ്രീ സീസണ്‍ പരിശീലനം. ജൂലൈ മൂന്നിനാണ് ടീം തായ്‌ലന്‍ഡില്‍ എത്തുക.

pattana-sports-resort

Image Credit: Pattana Sports Resort

തായ്‌ലന്‍ഡിലെ പ്രധാന കായിക പരിശീലന, ടൂറിസം കേന്ദ്രമാണ് പട്ടന സ്പോര്‍ട്സ് റിസോര്‍ട്ട്. ഗോള്‍ഫ്, ബാസ്ക്കറ്റ് ബോള്‍, ഫുട്ബോള്‍, നീന്തല്‍, സൈക്ലിങ് തുടങ്ങി നിരവധി കായിക ഇനങ്ങള്‍ പരിശീലിക്കാനുള്ള സൗകര്യം പട്ടനയിലുണ്ട്. നമ്മുക്ക് പരിചിതമല്ലാത്ത, സ്പോര്‍ട്സ്‍ ടൂറിസത്തിന് പേരുകേട്ട ഇടമാണ് പട്ടന. കേന്ദ്രത്തിലെ ‘അരീന’, ‘എനര്‍ജി ലാബ് ’ എന്നിവയാകും ബ്ലാസ്റ്റേഴ്സ് പ്രീ സീസണ്‍ പരിശീലനത്തിനായി ഉപയോഗപ്പെടുത്തുക.

ദി അരീന

pattana-sports-resort-03

Image Credit: Pattana Sports Resort

പട്ടന സ്പോര്‍ട്സ് റിസോര്‍ട്ടില്‍ കായിക പരിശീലനത്തിനായുള്ള ഇടമാണ് ‘ദി അരീന’. ഫുട്ബോള്‍ ഉള്‍പ്പടെയുള്ള ഇനങ്ങള്‍ക്കായുള്ള കോര്‍ട്ടുകള്‍ ഒരുക്കിയിരിക്കുന്നത് അരീനയിലാണ്. ഫിഫ അംഗീകാരമുള്ള മൂന്ന് ഫുട്ബോള്‍ പരിശീലന പിച്ചുകളാണ് പട്ടനയിലുള്ളത്. ഇതിനു പുറമെ, ഏഴായിരം കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയവും കേന്ദ്രത്തിലുണ്ട്.

ഫുട്ബോളിനു പുറമെ ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, നീന്തല്‍ കുളം, കയാക്കിങ്, ഒരു കിലോമീറ്റര്‍ റണ്ണിങ് ട്രാക്ക്, ആറ് കിലോമീറ്റര്‍ സൈക്ലിങ് ട്രാക്ക് എന്നിവയും അരീനയുടെ ഭാഗമാണ്.

pattana-sports-resort-01

Image Credit: Pattana Sports Resort

എനര്‍ജി ലാബ്

പട്ടന സ്പോര്‍ട്സ് റിസോര്‍ട്ടിലെ വിപുലമായ ഫിറ്റ്നസ് കേന്ദ്രമാണ് എനര്‍ജി ലാബ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ലോകോത്തര സംവിധാനങ്ങളുള്ള ജിം. താരങ്ങളുടെ ഫിറ്റ്നസ് വീണ്ടെടുക്കാനും മെച്ചപ്പെടുത്താനും പ്രീ സീസണ്‍ നിര്‍ണായകമാകും എന്നിരിക്കെ, അടുത്ത മൂന്നാഴ്ച ബ്ലാസ്റ്റേഴ്സിന്റെ താരങ്ങള്‍ നല്ലൊരു പങ്കും ചിലവിടാന് പോകുന്നത് ഈ ‘എനര്‍ജി ലാബി’ലായിരിക്കും.

വലിയൊരു ഗ്രൂപ്പിന് ഒരുമിച്ച് പരിശീലനം നടത്താനുള്ള സൗകര്യവും സംവിധാനങ്ങളും എനര്‍ജി ലാബിലുണ്ട്. കായികതാരങ്ങളുടെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും പ്രകടനം മെച്ചപ്പെടുത്തുന്നതിനും എനര്‍ജി ലാബ് സഹായകരമാകും.

pattana-sports-resort-02

Image Credit: Pattana Sports Resort

പട്ടന സ്പോര്‍ട്‍സ്‍ ‘റിസോര്‍ട്ട് ’

സ്പോര്‍ട്‍സ്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രമാണ് തായ്‌ലന്‍ഡ് ചൊന്‍ബുരിയിലെ പട്ടന സ്പോര്‍ട്സ് റിസോര്‍ട്ട്. മികച്ച താമസസൗകര്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന പട്ടനയിലെ പ്രധാന ആകര്‍ഷണം അവിടുത്തെ ഗോള്‍ഫ് കോഴ്സാണ്. ഇതിനു പുറമെ കേന്ദ്രത്തിലെ റണ്ണിങ് ട്രാക്കിനും, സൈക്ലിങ് സൗകര്യങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. യുവ താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി പട്ടന എഫ്.സി. എന്നൊരു ഫുട്ബോള്‍ ടീമും കഴിഞ്ഞ പത്ത് വര്‍ഷമായി റിസോര്‍ട്ട് ഉടമകള്‍ നടത്തിവരുന്നു.

പുതിയ തുടക്കം

pattana-sports-resort-04

Image Credit: Pattana Sports Resort

പുതിയ ആശാനു കീഴില്‍ തുടക്കം ഗംഭീരമാക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം. കോച്ച് മിക്കേല് സ്റ്റോറെയും പരിശീലക സംഘവും ടീം അംഗങ്ങളെ നേരില്‍ കാണുക തായ്‌ലന്‍ഡിലെ ക്യാമ്പില്‍ വെച്ചാകും. ബ്ലാസ്റ്റേഴ്സിലേക്ക് പുതുതായി എത്തുന്ന താരങ്ങളും ടീമിനൊപ്പം ചേരുക തായ്‌ലന്‍ഡിലാകും. ഇതിനു പുറമെ ബ്ലാസ്റ്റേഴ്സിന്റെ ചില അക്കാദമി താരങ്ങളും പ്രീ സീസണ്‍ ക്യാമ്പില്‍ പങ്കെടുക്കും. തായ് ടീമുകളുമായുള്ള സന്നാഹ മല്‍സരങ്ങും പ്രീ സീസണില്‍ ഉണ്ടാകും. ജൂലൈ മൂന്നിന് ആരംഭിക്കുന്ന ക്യാമ്പ് 22 വരെ നീളും. ശേഷം നേരിട്ട് ഡ്യുറന്‍ഡ് കപ്പ് വേദിയിലേക്ക് എത്താനാണ് ടീമിന്റെ കണക്കുകൂട്ടല്‍.

ENGLISH SUMMARY:

As the 2024-25 season approaches, Kerala Blasters FC is set to begin preseason preparations in Thailand.