പോര്‍ച്ചുഗലും ഫ്രാന്‍സും യൂറോ കപ്പ് ക്വാര്‍ട്ടറിലേക്ക്. ഗോളി ഡിയേഗോ കോസ്റ്റ രക്ഷകനായ മല്‍സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് സ്ലൊവേനിയയ്ക്കെതിരെ പോര്‍ച്ചുഗലിന്റെ ജയം. ബെല്‍ജിയം സമ്മാനിച്ച സെല്‍ഫ് ഗോളിലൂടെയാണ് ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക് കടന്നത്.
സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോലും തളര്‍ന്നിടത്ത് കരുത്തുറ്റ കോട്ട കെട്ടിയാണ് ഡിയേഗോ കോസ്റ്റ പോര്‍ച്ചുഗലിന്റെ രക്ഷകനായത്. ഒന്നിനു പിറകേ ഒന്നായി സ്ലൊവേിയ തൊടുത്ത മൂന്നു പെനല്‍റ്റി ഷോട്ടുകളും ഡിയേഗോ തടഞ്ഞിട്ടു. അധികസമയത്തും ഗോള്‍ പിറക്കാത്ത മല്‍സരത്തില്‍ ആദ്യം മുതല്‍ പോര്‍ച്ചുഗല്‍ മിന്നല്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍വല കുലുങ്ങിയില്ല. അധികസമയത്തിലെ ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ റോണോ തൊടുത്ത പെനല്‍റ്റി ഷോട്ട് സ്ലൊവേനിയന്‍ ഗോളി യാന്‍ ഒബ്ലാക് തടഞ്ഞിട്ടു.
ബെല്‍ജിയത്തെ തോല്പിച്ച് കടന്നുകൂടിയ ഫ്രഞ്ച് പടയാണ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിന് എതിരാളികള്‍. ഗോള്‍ അടിക്കാതെയും അടിപ്പിക്കാതെയും ഫ്രാന്‍സിന് മുന്നില്‍ എണ്‍പത്തഞ്ചാം മിനിട്ടു വരെ പിടിച്ചുനിന്ന ബെല്‍ജിയത്തിന് അവസാന മിനിട്ടുകളിലാണ് അടിതെറ്റിയത്. പ്രതിരോധ താരം യാന്‍ വെര്‍ട്ടോംഗന്റെ സെല്‍ഫ് ഗോള്‍ ഫ്രാന്‍സിന് ക്വാര്‍ട്ടറിലേക്ക് വഴിയൊരുക്കി. വെള്ളിയാഴ്ചയാണ് ഫ്രാന്‍സും പോര്‍ച്ചുഗലും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത്.