ലാമിന്‍ യമാലിന്റെ മാന്ത്രിക ഗോളിന്റെ ഹാങ്ഓവറില്‍ നിന്ന് ഇതുവരെ മുക്തമായിട്ടില്ല ഫുട്ബോള്‍ ലോകം. 17ാം ജന്‍മദിനവും ആഘോഷിച്ചാണ് ലാമിന്‍ യൂറോ കപ്പില്‍ ഇംഗ്ലണ്ടിന് എതിരെ കലാശപ്പോരിന് ഇറങ്ങാന്‍ പോവുന്നത്. എന്നാല്‍ കലാശപ്പോരില്‍ ലാമിന്‍ യമാലിനെ 90 മിനിറ്റും കളിപ്പിക്കാന്‍ സ്പാനിഷ് പരിശീലകന് സാധിച്ചേക്കില്ല. ജര്‍മനിയിലെ തൊഴില്‍ നിയമമാണ് ഇതിന് കാരണം.
ജര്‍മനിയിലെ തൊഴില്‍ നിയമം അനുസരിച്ച് 18 വയസില്‍ താഴെയുള്ളവര്‍ക്ക് പ്രാദേശിക സമയം രാത്രി 8 മണിക്ക് ശേഷം ജോലി ചെയ്യാന്‍ അനുവാദമില്ല. എന്നാല്‍ കായിക താരങ്ങള്‍ക്ക് ഇതില്‍ ചെറിയ ഇളവ് അനുവദിച്ചിട്ടുണ്ട്. കായിക താരങ്ങള്‍ക്ക് രാത്രി 11 മണി വരെ സമയം അനുവദിച്ചിട്ടുണ്ട്. രാത്രി 11 മണിക്ക് ശേഷം യമാല്‍ കളിച്ചാല്‍ സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ 30,000 യൂറോ പിഴ അടയ്ക്കേണ്ടി വരും.
ഫ്രാന്‍സിനെതിരയ സ്പെയിനിന്റെ സെമി ഫൈനല്‍ മത്സരം ഉള്‍പ്പെടെ ജര്‍മന്‍ പ്രാദേശിക സമയം 9 മണിക്കാണ് ആരംഭിച്ചത്. 90 മിനിറ്റ് മത്സര സമയവും റെഗുലേഷന്‍ സമയവും രണ്ട് പകുതിയിലേയും ഇഞ്ചറി ടൈമും ഇടവേള സമയവും വരുമ്പോള്‍ മത്സരം പ്രാദേശിക സമയം 11 മണി കടക്കും. ജര്‍മനിയിലെ ഈ തൊഴില്‍ നിയമപ്രകാരം യൂറോ ഗ്രൂപ്പ് ഘട്ടത്തില്‍ യമാലിനെ സ്പാനിഷ് കോച്ചിന് ക്രൊയേഷ്യക്കെതിരെ 86ാം മിനിറ്റിലും ഇറ്റലിക്കെതിരെ 71ാം മിനിറ്റിലും അല്‍ബേനിയക്കെതിരെ 19ാം മിനിറ്റിലും പിന്‍വലിക്കേണ്ടി വന്നിരുന്നു. സ്പെയ്ന്‍ 4-1ന് ജയിച്ച ജോര്‍ജിയക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ യമാല്‍ മുഴുവന്‍ സമയവും കളിച്ചിരുന്നു. ഇതില്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന് മേല്‍ ജര്‍മനി പിഴ ചുമത്തുമോയെന്ന് വ്യക്തമല്ല. ജര്‍മന്‍ പ്രാദേശിക സമയം രാത്രി 9 മണിക്കാണ് യൂറോ കപ്പ് ഫൈനല്‍. യമാല്‍ ഇംഗ്ലണ്ടിനെതിരെ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഉണ്ടാവും എന്നുറപ്പാണ്. എന്നാല്‍ യമാലിനെ കലാശപ്പോരില്‍ സ്പാനിഷ് കോച്ച് സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാനുള്ള സാധ്യത വിരളമാണ്.
യമലിന്റെ ചരിത്ര ഗോളിലാണ് ഫ്രാൻസിനെ തീർത്ത് സ്‌പെയ്ൻ യൂറോ കപ്പ് ഫൈനലിലെത്തുന്നത്. വെറും 16 വയസും 362 ദിവസവും പ്രായമുള്ള യമാൽ യൂറോ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററായി. ക്രൊയേഷ്യക്കെതിരെ സ്പെയ്ന്‍ 3-0ന് ജയിച്ച കളിയില്‍ ഡാനിയുടെ ഗോളിന് അസിസ്റ്റ് നല്‍കി യൂറോയിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ അസിസ്റ്റ് എന്ന നേട്ടവും ലാമിന്‍ തന്റെ പേരില്‍ ചേര്‍ത്തിരുന്നു.