TOPICS COVERED

ഇറ്റലി, ക്രൊയേഷ്യ, ജര്‍മനി, ഫ്രാന്‍സ് എന്നീ ടീമുകളെ തോല്‍പ്പിച്ചെത്തുന്ന സ്പെയിൻ. ആദ്യമായി യൂറോ കപ്പില്‍ മുത്തമിടാന്‍ ലക്ഷ്യമിട്ട് വരുന്ന ഇംഗ്ലണ്ടിന് അനുകൂലമല്ല ഫൈനലില്‍ കാര്യങ്ങള്‍. ഒരൊറ്റ ഗോളോടെ ഫുട്ബോള്‍ ലോകത്തിന്റെ ശ്രദ്ധയാകെ തന്നിലേക്ക് കൊണ്ടുവന്ന ലാമിന്‍ യമാലും മധ്യനിരയില്‍ വിട്ടുവീഴ്ചയില്ലാതെ റോഡ്രിയും നില്‍ക്കുമ്പോള്‍ ഇംഗ്ലീഷ് പടയ്ക്ക് ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടിയേ മതിയാവൂ. 

ഫോട്ടോ: എഎഫ്പി

കലാശപ്പോരില്‍ സ്പെയ്നിനെ തളയ്ക്കണമെങ്കില്‍ മധ്യനിരയില്‍ കളി നിയന്ത്രിക്കുന്ന റോ‍ഡ്രിയെ ഇംഗ്ലണ്ടിന് പൂട്ടണം. 2023 മാര്‍ച്ചിലാണ് സ്പെയിൻ കുപ്പായത്തിലിറങ്ങി റോഡ്രി അവസാനമായി തോല്‍വി തൊട്ടത്. മാഞ്ചസ്റ്റര്‍ സിറ്റിയിലും റോഡ്രിക്ക് വിജയ തേരോട്ടം തന്നെ. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ റോഡ്രിക്കൊപ്പം പന്ത് തട്ടുന്ന മൂന്ന് താരങ്ങള്‍ ഇംഗ്ലണ്ട് നിരയിലുണ്ട്. റോഡ്രിയുടെ പോരായ്മകള്‍ ഇവരിലൂടെ ഇംഗ്ലണ്ടിന് മുതലെടുക്കാം. 18 മാസം മുന്‍പ് എഫ്എ കപ്പ് ഫൈനലില്‍ റോഡ്രിക്ക് മേല്‍ ആധിപത്യം പുലര്‍ത്തി കളിക്കാനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബ്രൂണോ ഫെര്‍ണാണ്ടസിനെയാണ് ഉപയോഗിച്ചത്. സമാനമായി ഇംഗ്ലണ്ട് നിരയില്‍ ആ ഉത്തരവാദിത്വം ഹാരി കെയ്നിലേക്ക് വരുമെങ്കിലും താരം ഫോമിലല്ലാത്തതിനാൽ ബെല്ലിങ്ഹാമിനാവും റോഡ്രിയെ പൂട്ടാനുള്ള റോള്‍. 

യമാലിന് എതിരെ കലാശപ്പോരില്‍ ഇംഗ്ലണ്ട് പരുക്കന്‍ കളിയും പുറത്തെടുക്കാം. 3-4-3 ഫോര്‍മേഷനില്‍ ഇംഗ്ലണ്ടിന് യമാലിനെ പൂട്ടാനാവും. സ്പെയിനിന്റെ സ്പീഡ്സ്റ്റാര്‍ വില്യംസും ഇംഗ്ലണ്ടിന് തലവേദനയാണ്. പന്ത് കൈവശം വെച്ച് കളിക്കുന്നതില്‍ മികച്ച് നില്‍ക്കുമ്പോഴും പന്ത് നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ പ്രയാസപ്പെടുന്ന സ്പെയിനിനെയാണ് ജര്‍മനിയില്‍ കാണുന്നത്. ജോര്‍ജിയയ്ക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിലും ഇത് കണ്ടിരുന്നു. ബോള്‍ പൊസഷന്‍ വീണ്ടെടുത്ത് കഴിഞ്ഞാല്‍ സാകയിലൂടെ വലത് വശത്ത് കൂടി വേഗത്തില്‍ മുന്നേറുക അല്ലെങ്കില്‍ ഫോഡനായി സ്പെയ്സ് കണ്ടെത്തുക എന്നതായിരിക്കും ഇംഗ്ലണ്ടിന്റെ തന്ത്രം. 

കലാശപ്പോര് പെനാല്‍റ്റിയിലേക്ക് നീണ്ടാല്‍ കണക്കുകളില്‍ മുന്‍തൂക്കം ഇംഗ്ലണ്ടിനാണ്. 1996ല്‍ യൂറോ ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പെയിനിനെ ഇംഗ്ലണ്ട് വീഴ്ത്തുമ്പോള്‍ സൗത്ത്ഗേറ്റും ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്നു. സൗത്ത്ഗേറ്റ് പരിശീലകനായെത്തിയതിന് ശേഷം നാല് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നിലും ഇംഗ്ലണ്ട് ജയിച്ചിരുന്നു. ഷൂട്ടൗട്ടില്‍ ഖത്തറില്‍ മൊറോക്കോയ്ക്ക് എതിരെ 3-0ന് വീണതിന്റെ കയ്പ്നീര് സ്പെയിനിന്റെ മനസില്‍ ഇപ്പോഴുമുണ്ടാവും.

ENGLISH SUMMARY:

With Lamin Yamal, who brought the attention of the footballing world to himself with a single goal, and Rodri, relentless in midfield, Southgate and his team only need to sharpen their weapons