TOPICS COVERED

കോപ്പയില്‍ തുടരെ രണ്ടാം വട്ടവും അര്‍ജന്റീന മുത്തമിട്ടപ്പോള്‍ നിര്‍ണായകമായത് കൊളംബിയയുടെ കിരീട പ്രതീക്ഷകള്‍ തല്ലിക്കെടുത്തി എത്തിയ ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ ക്ലാസിക് സേവ്. അധിക സമയത്തെ ലൗതാരോ മാര്‍ട്ടിനസിന്റെ ഗോളില്‍ ആല്‍ബിസെലസ്റ്റുകള്‍ കിരീടം പിടിച്ചപ്പോള്‍ 110ാം മിനിറ്റിലാണ് ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ സേവ് വന്നത്. 

ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ സേവ് വന്ന് രണ്ട് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴേക്കും ലൗതാരോ മാര്‍ട്ടിനസിലൂടെ അര്‍ജന്റീന വിജയ ഗോള്‍ വലയിലാക്കി. 2014 ലോകകപ്പ് സെമി ഫൈനലില്‍ മഷറാനോയില്‍ നിന്ന് വന്ന സേവിനോടാണ് ലിസാന്‍ഡ്രോയുടെ ഈ സേവിനെ ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്. നെതര്‍ലന്‍‍‍ഡ്സിന്റെ ആര്യന്‍ റോബനെ പെനാല്‍റ്റി ബോക്സിനകത്ത് തടഞ്ഞാണ് അന്ന് മഷറാനോയുടെ സേവ് വന്നത്. 

അധിക സമയത്ത് അര്‍ജന്റൈന്‍ ഗോള്‍മുഖത്തേക്ക് കൊളംബിയന്‍ താരം മിഖേല്‍ ബോര്‍ഹ വരുമ്പോള്‍ മുന്‍പില്‍ എമിലിയാനോ മാര്‍ട്ടിനസ് മാത്രം. എന്നാല്‍ സെന്റര്‍ ബാക്കായ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് കൊളംബിയന്‍ മോഹങ്ങള്‍ തല്ലിക്കെടുത്തി. റൊമേരോയ്ക്ക് ഒപ്പം നിന്ന് പ്രതിരോധത്തില്‍ ലിസാന്‍ഡ്രോ കൂട്ടുകെട്ടുണ്ടാക്കിയും ലിസാന്‍ഡ്രോ സ്കലോനിയുടെ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നു. 

ENGLISH SUMMARY:

Lisandro Martinez's save came in the 110th minute as Lautaro Martinez's extra-time goal sealed the title for the Albiceleste