കോപ്പ അമേരിക്ക കിരീടാഘോഷത്തിന് പിന്നാലെ വംശവെറി നിറഞ്ഞ വിഡിയോ പോസ്റ്റ് ചെയ്ത് അര്‍ജന്റീന താരം എന്‍സോ ഫെര്‍ണാണ്ടസ്. ഫ്രാന്‍സ് ടീമിലെ ആഫ്രിക്കന്‍ വംശജരായ താരങ്ങളെക്കുറിച്ചുള്ള വിഡിയോയാണ് എന്‍സോ ഫെര്‍ണാണ്ടസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. താരത്തിന്റെ ക്ലബായ ചെല്‍സിയിലെ ഫ്രഞ്ച് താരങ്ങളടക്കം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളില്‍ എന്‍സോ ഫെര്‍ണാണ്ടസിനെ പിന്തുടരുന്നത് അവസാനിപ്പിച്ചു. ഇതോടെ പോസ്റ്റ് പിന്‍വലിച്ച് എന്‍സോ പരസ്യമായി മാപ്പുപറഞ്ഞു.
കൊളംബിയയ്‌ക്കെതിരായ അർജന്‍റീനയുടെ കോപ്പ വിജയത്തിന് പിന്നാലെയാണ് എന്‍സോ ഫെർണാണ്ടസും സഹതാരങ്ങളും ചേര്‍ന്ന് ഫ്രാൻസിന്‍റെ കളിക്കാരെ അപകീർത്തിപ്പെടുത്തുന്ന ഗാനം ആലപിക്കുന്ന വിഡിയോ പുറത്തുവന്നത്. ദൃശ്യങ്ങളില്‍ മറ്റൊരാള്‍ വിഡിയോ കട്ട് ചെയ്യാന്‍ പറയുന്നുണ്ടെങ്കിലും അതിന് മുന്‍പേ ഗാനത്തിന്‍റെ ആദ്യഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയായിരുന്നു. ഫ്രാൻസും അർജന്‍റീനയും തമ്മിലെ 2022 ലെ ലോകകപ്പ് ഫൈനൽ സമയത്ത് ഉയര്‍ന്നുവന്ന വംശവെറിയും ട്രാന്‍സ്ഫോബിയയും നിറഞ്ഞ പാട്ടാണിത്.
വിഡിയോ പുറത്തായതിന് പിന്നാലെ ആരാധകരടക്കം എന്‍സോ ഫെർണാണ്ടസിനും സഹതാരങ്ങള്‍ക്കും എതിരെ തിരിഞ്ഞു. ഫ്രാന്‍സിന്റെ പ്രതിരോധതാരവും ചെല്‍സിയില്‍ എന്‍സോ ഫെര്‍ണാണ്ടസിന്‍റെ ടീമംഗവുമായ വെസ്ലി ഫോഫാനയും വിമര്‍ശനവുമായി രംഗത്തെത്തി. 2024 ലെ ഫുട്ബോളിലും തടസ്സമില്ലാതെ വംശീയതയൊഴുകുന്നു എന്നാണ് അദ്ദേഹം വിഡിയോയുടെ സ്ക്രീന്‍ഷോട്ട് പങ്കുവച്ച് കുറിച്ചത്. പ്രീ-സീസൺ പരിശീലനത്തിനായി ഫെർണാണ്ടസ് ഉടൻ തന്നെ ചെല്‍സിയിലേക്ക് മടങ്ങിയെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ നടപടിയെടുക്കാന്‍ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് ഫിലിപ്പ് ഡയല്ലോ അർജന്‍റീന ഫുട്ബോൾ അസോസിയേഷനോടും ഫിഫയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ പോസ്റ്റ് പിന്‍വലിച്ച് എന്‍സോ പരസ്യമായി മാപ്പുപറയുകയും ചെയതു. ‘വിജയാഘോഷത്തിനിടെ എന്‍റെ ഇൻസ്റ്റാഗ്രാം ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു. വളരെ നിന്ദ്യമായ ഭാഷ തന്നെയാണ് ആ ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിന് യാതൊരു ന്യായീകരണവും പറയാന്‍ സാധിക്കില്ല. എല്ലാ തരത്തിലുമുള്ള വിവേചനങ്ങള്‍ക്കെതിരെ നിലകൊള്ളുന്നയാളാണ് ഞാന്‍. ഇത്തരത്തില്‍ സംഭവമുണ്ടായതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ആ ഗാനം എന്‍റെ ആശയങ്ങളെയൊ ആദര്‍ശങ്ങളെയോ പ്രതിഫലിപ്പിക്കുന്നതല്ല’ എന്നാണ് എന്‍സോ തന്‍റെ എക്സ് ഹാന്‍ഡിലില്‍ കുറിച്ചത്.