സിറിയയില്‍ ബഷാര്‍ അല്‍ അസദ് ഭരണം വിമതസേന അവസാനിപ്പിച്ചതോടെ നിറംമാറി സിറിയന്‍ ഫുട്ബോള്‍ ടീം. ചരിത്രപരമായ മാറ്റമെന്ന് സിറിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ വിശേഷിപ്പിച്ച നിറംമാറ്റത്തിന് മണിക്കൂറുകള്‍ മാത്രമാണ് വേണ്ടിവന്നത്.
ഡമാസ്കസ് വീണതോടെ സിറിയന്‍ ഫുട്ബോളിന്റെ നിറവും മാറി. ഇത്രയും നാള്‍ ചുവപ്പ് ജേഴ്സി അണിഞ്ഞ് കളത്തിലിറങ്ങിയിരുന്ന സിറിയന്‍ ഫുട്ബോള്‍ ടീം ഇനി പച്ച ജേഴ്സിയണയും. സിറിയന്‍ കായികരംഗത്തെ ചരിത്രപരമായ മാറ്റമെന്നാണ് നിറംമാറ്റത്തെ സിറിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ വിശേഷിപ്പിച്ചത്. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്തനാളുകളാണ് ഇനിയെന്നും ഫുട്ബോള്‍ ഫെഡറേഷന്‍ കുറിച്ചു.
ഇക്കഴിഞ്ഞ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യയെ നേരിട്ടപ്പോഴും സിറിയന്‍ ടീം ചുവന്ന ജേഴ്സിയായണ് ധരിച്ചത്. നിലവിലെ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ് ചാംപ്യന്‍മാരാണ് സിറിയന്‍ ഫുട്ബോള്‍ ടീം. ചുവപ്പും വെള്ളയും കറുപ്പുമാണ് സിറിയന്‍ പതാക. എന്നാല്‍ വിമതര്‍ ഉപയോഗിക്കുന്നത് പച്ചയും വെള്ളയും കറുപ്പും നിറമുള്ള പതാകയാണ്. സ്വാതന്ത്രത്തിനായുള്ള രക്തച്ചൊരിച്ചിലിനെ സൂചിപ്പിക്കുന്നതാണ് സിറിയന്‍ പതാകയിലെ ചുവപ്പ്.