മെസി മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട കായിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ജൂലിയോ ഗാറോയെ പുറത്താക്കി അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലെയ്. ഫ്രഞ്ച് താരങ്ങളെ അര്‍ജന്റീന താരങ്ങള്‍ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണത്തില്‍ ടീം നായകനായ മെസി മാപ്പ് പറയണം എന്നാണ് ജൂലിയോ ഗാറോയ് ആവശ്യപ്പെട്ടത്. കോപ്പ അമേരിക്ക കിരീട നേട്ടത്തിന് ശേഷം ടീം ബസില്‍ വെച്ചുള്ള ആഘോഷം ഇന്‍സ്റ്റഗ്രാമില്‍ എന്‍സോ ഫെര്‍ണാണ്ടസ് പങ്കുവെച്ചിരുന്നു. ഇതില്‍ ഫ്രഞ്ച് ടീമിലെ ആഫ്രിക്കന്‍ വംശജരായ താരങ്ങളെ അധിക്ഷേപിക്കുന്നതായാണ് ആരോപണം ഉയര്‍ന്നത്. 

സംഭവത്തില്‍ എന്‍സോ ഫെര്‍ണാണ്ടസ് നേരത്തെ ക്ഷമ ചോദിച്ചിരുന്നു. അധിക്ഷേപകരമായ ഭാഷയാണ് ഉപയോഗിച്ചത് എന്നും അതില്‍ തെറ്റ് പറ്റിയതായും എന്‍സോ പറഞ്ഞിരുന്നു. എന്നാല്‍ സംഭവത്തില്‍ ടീം നായകനായ മെസി മാപ്പ് പറയണം എന്നാണ് കായിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ആവശ്യപ്പെട്ടത്. പുറത്തുവന്ന വിഡിയോ രാജ്യത്തെയാകെ മോശമായി ബാധിക്കുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. 

എന്ത് അഭിപ്രായം പറയണം, എന്ത് ചിന്തിക്കണം, എന്ത് ചെയ്യണം എന്ന് അര്‍ജന്റൈന്‍ ദേശിയ ടീമിനോട് സര്‍ക്കാരിന് പറയാനാവില്ല. ഈ കാരണം കൊണ്ട് ജിലിയോ ഗാരോയെ അണ്ടര്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നു, അര്‍ജന്റൈന്‍ പ്രസിഡന്റിന്റെ എക്സ് അക്കൗണ്ടിലെ പ്രസ്താവനയില്‍ പറയുന്നു. 

എന്നാല്‍ കോപ്പയില്‍ കൊളംബിയക്കെതിരായ മത്സരം അവസാനിച്ചതിന് പിന്നാലെ മെസി തങ്ങളുടെ അടുത്തേക്ക് എത്തി ആരേയും അധിക്ഷേപിക്കരുത് എന്ന് പറഞ്ഞതായി സഹതാരം റോഡ്രിഗോ ഡി പോള്‍ വെളിപ്പെടുത്തുന്നു. 'ഫൈനല്‍ അവസാനിച്ചപ്പോള്‍ മെസി ഞങ്ങളുടെ അടുത്തേക്ക് വന്ന് ആദ്യം പറഞ്ഞത് ആരെയും അധിക്ഷേപിക്കരുത്, നമുക്ക് നമ്മുടെ വിജയം ആഘോഷിക്കാം എന്നാണ്, റോഡ്രിഗോ ഡി പോള്‍ പറയുന്നു. 

ENGLISH SUMMARY:

Under Secretary has demanded an apology from team captain Messi after being accused of racially abusing French players by Argentine players