Cristiano-Ronaldo19

TOPICS COVERED

സൗദി സൂപ്പർ കപ്പിലെ കനത്ത തോൽവിയില്‍ പോര്‍ച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കലിപ്പ് തീരുന്നില്ല. കളിയ്ക്കു ശേഷം റണ്ണറപ്പിനുള്ള മെഡല്‍ സ്വീകരിക്കാന്‍ താരം വിസമ്മതിച്ചു. മത്സരത്തിനിടെ ഗ്രൗണ്ടിൽവച്ച് അശ്ലീല ആംഗ്യം കാണിച്ചതും വിവാദമായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബിലെത്തിയ ശേഷം സൗദി അറേബ്യയിലെ ഒരു ടൂർണമെന്റും വിജയിക്കാൻ അൽ നസ്റിനു സാധിച്ചിട്ടില്ല. തുടര്‍ച്ചയായ രണ്ടാം തവണയാണ്  അൽ ഹിലാല്‍ അൽ നസ്റിനെ തോല്‍പ്പിക്കുന്നത്. 4–1നായിരുന്നു അൽ ഹിലാലിന്റെ വിജയം. 

നാലാം ഗോൾ വഴങ്ങിയതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട റൊണാള്‍ഡോ അശ്ലീല ആംഗ്യം കാണിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. മത്സരത്തിന്റെ ആദ്യ പകുതിക്കു മുൻപ് റൊണാൾഡോയുടെ ഗോളിൽ അൽ നസ്ർ മുന്നിലെത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ 17 മിനിറ്റിനിടെ നാലു ഗോളുകൾ തിരിച്ചടിച്ച് അൽ ഹിലാൽ കളി സ്വന്തമാക്കിയതോടെയാണ് റൊണാൾഡോയുടെ നിയന്ത്രണം നഷ്ടമായത്.

സെര്‍ഗെജ് (55–ാം മിനിറ്റ്), മിട്രോവിച് (63,69), മാൽകോം (72) എന്നിവരുടെ ഗോളുകളിലാണ് അൽ ഹിലാൽ കളി പിടിച്ചത്. ഗോളുകൾ തുടർച്ചയായി വീണതോടെ ഉറങ്ങുകയാണോ എന്നൊക്കെ റൊണാൾഡോ സഹതാരങ്ങളോട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. മത്സരത്തിനിടെ മോശം രീതിയിൽ പെരുമാറിയ റൊണാൾഡോയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

ENGLISH SUMMARY:

Cristiano Ronaldo loses his cool, makes obscene gestures at Al Nassr teammates in Saudi Super Cup final