പുതുവര്‍ഷത്തിലെ ആദ്യ മല്‍സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. പഞ്ചാബ് എഫ്.സിയാണ് എതിരാളികള്‍. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മല്‍സരം. സീസണിലെ ആദ്യമല്‍സരത്തിലേറ്റ തോല്‍വിക്ക് കണക്കചോദിക്കാനാണ് ബ്ലാസ്റ്റേഴ്സ് ഡല്‍ഹിയില്‍ ഇറങ്ങുന്നത്.
പോയവര്‍ഷത്തെ കഷ്ടകാലം മറന്ന് പുതുവര്‍ഷത്തില്‍ ജയിച്ചുതുടങ്ങാന്‍ ആഗ്രഹിക്കുന്ന രണ്ടുടീമുകള്‍. പഞ്ചാബ് കഴിഞ്ഞ മൂന്നുമല്‍സരങ്ങളിലും തോറ്റെന്ന് മാത്രമല്ല മൂന്നോ അതിലധികമോ ഗോളുകള്‍ വഴങ്ങുകയും ചെയ്തു. പോരാത്തതിന് സസ്പന്‍ഷനിലായ ലൂക്ക മാജ്സെനും എസക്കിയല്‍ വിദാലും ഇന്ന് പഞ്ചാബ് നിരയിലുണ്ടാകില്ല. പഞ്ചാബിന്റെ 20 ഗോളുകളില്‍ ഒന്‍പതും ഇരുവരും ചേര്‍ന്നാണ് നേടിയത്. എതിരാളികളുടെ പ്രതിരോധത്തിലെ പിഴവും മുന്നേറ്റത്തിലെ അസാന്നിധ്യവും മുതലാക്കിയാല്‍ ബ്ലാസ്റ്റേഴ്സിന് ജയിക്കാം. പെനല്‍റ്റി വഴങ്ങുന്ന പ്രതിരോധത്തിന്റെ പിഴവാണ് ബ്ലാസ്റ്റേഴ്സിന് പരിഹരിക്കേണ്ടത്. സീസണില്‍ ഇതുവരെ അഞ്ചു പെനല്‍റ്റിയാണ് ബ്ലാസ്റ്റേഴ്്സ് വഴങ്ങിയത്. പോയിന്റ് നിലയില്‍ പഞ്ചാബ് എട്ടാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് പത്താമതുമാണ്.