lamine-messi

മെസിയും ലാമിന്‍ യമാലും നേര്‍ക്കുനേര്‍ വരുന്ന പോര്. ഫുട്ബോള്‍ ലോകത്തിന് അങ്ങനെയൊരു പോര് ഒരിക്കലും കാണാതെ വിടാനാവില്ല. ലാ മാസിയ അക്കാദമിയില്‍ നിന്നെത്തി ബാര്‍സ കുപ്പായത്തില്‍ പന്തുകൊണ്ട് നൃത്തമാടി ലോകത്തെ വിസ്മയിപ്പിച്ച മിശിഹയും അദ്ദേഹത്തിന്റെ നൗകാമ്പിലെ പിന്മുറക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന യമാലും നേര്‍ക്കുനേര്‍. സ്പെയ്നും അര്‍ജന്റീനയും ഫൈനലിസിമയില്‍ നേര്‍ക്കുനേര്‍ വരുമ്പോഴാണ് യമാലും മെസിയും കൊമ്പുകോര്‍ക്കുക. 

യൂറോപ്പിന്റെ രാജാക്കന്മാരായ സ്പെയിനും കോപ്പയില്‍ തുടരെ രണ്ടാം വട്ടവും മുത്തമിച്ച അര്‍ജന്റീനയും പോരിനിറങ്ങുന്ന ഫൈനലിസിമ മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ തവണ യൂറോ ചാംപ്യന്മാരായ ഇറ്റലിയും കോപ്പയില്‍ മുത്തമിട്ട അര്‍ജന്റീനയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം മെസിക്കും സംഘത്തിനുമൊപ്പമാണ് നിന്നത്. 

നൗകാമ്പിലായിരിക്കും ഇത്തവണത്തെ ഫൈനലിസിമ പോരെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം നൗകാമ്പിലേക്കുള്ള മെസിയുടെ മടങ്ങി വരവാകും അത്. 2026 മാര്‍ച്ച് 26നായിരിക്കും ഈ ഫൈനലിസിമ പോര് എന്നാണ് സൂചന. നൗകാമ്പ് സ്റ്റേഡിയം അപ്പോഴേക്കും ഒരു ലക്ഷത്തിന് മുകളില്‍ കാണികളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ വലുതാക്കിയിരിക്കും. 

സാമ്പത്തിക പ്രയാസങ്ങളില്‍ ബാര്‍സ വലഞ്ഞതോടെയാണ് എട്ട് വട്ടം ബാലണ്‍ ഡി ഓറില്‍ മുത്തമിട്ട മെസിക്ക് കണ്ണീരണിഞ്ഞ് ക്ലബ് വിടേണ്ടി വന്നത്. നൗകാമ്പിലെ കാണികള്‍ക്ക് മുന്‍പില്‍ നിന്ന് യാത്ര പറയാന്‍ മെസിക്ക് സാധിച്ചിരുന്നില്ല. ഫൈനലിസിമയിലൂടെ അര്‍ജന്റൈന്‍ കുപ്പായത്തില്‍ നൗകാമ്പിലേക്ക് എത്തി എന്നും തന്നെ നെഞ്ചോട് ചേര്‍ത്ത ആരാധകരോട് യാത്ര പറയാന്‍ മെസിക്കാവുമോ എന്നതിലേക്ക് ഉറ്റുനോക്കുകയാണ് ഫുട്ബോള്‍ ലോകം. 

ENGLISH SUMMARY:

Messi and Lamin Yamal will face each other. The football world can never miss such a battle.