കൊച്ചിയിൽ നടന്ന മല്‍സരത്തിനിടെ പഞ്ചാബ് എഫ്സി താരം ലൂക്ക മജ്‌സന്‍റെ ഗോളാഘോഷം അതിരു വിട്ടതായിരുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഇരട്ട സഹോദരന്‍മാരായ ആയ മുഹമ്മദ് അയ്മനും, മുഹമ്മദ് അസ്ഹറും. മറ്റുള്ളവരെ ആക്ഷേപിക്കുന്ന തരത്തിൽ ആഘോഷം നടത്തുന്നത് ശരിയല്ല. ബ്ലാസ്റ്റേഴ്സിന്‍റെ ഫ്ലാഗിന് മുകളില്‍ ജഴ്സിയിട്ടായിരുന്നു ലൂക്കയുടെ ആഘോഷം. രാഹുലിന്‍റെ ഹെഡ് അറ്റംപ്റ്റിലാണ് ലൂക്ക മജ്‌സന് പരുക്കേറ്റത്. അത് മനപൂർവമല്ല. മനപൂർവമെന്ന് വരുത്തി തീർക്കാനുള്ള ശ്രമം ശരിയല്ലെന്നും ഇരുവരും മനോരമ ന്യൂസിനോട് പറഞ്ഞു.
സീസണിലെ ആദ്യ ഐഎസ്എൽ ഫുട്ബോൾ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയോട് പരാജയപ്പെട്ടത്. കോച്ച് മികായേല്‍ സ്റ്റാറെയുടെ തന്ത്രങ്ങളുമായി ടീമിന് പൊരുത്തപ്പെടാനുണ്ടായ പ്രയാസവും ലൂണ കളിക്കാതിരുന്നതും ബ്ലാസ്റ്റേഴ്സിന് കനത്ത വെല്ലുവിളി ആയിരുന്നു. കളിയുടെ അവസാന പത്തുമിനിറ്റിലാണ് മൂന്ന് ഗോളുകളും പിറന്നത്. ലൂക്കയെ ഫൗണ്‍ ചെയ്തതിന് പിന്നാലെ ഇരുടീമുകളും തമ്മില്‍ വലിയ വാക്കേറ്റവുമുണ്ടായി. 86–ാം മിനിറ്റില്‍ പെനല്‍റ്റി ഗോളടിച്ച ലൂക്കയും ഫിലിപ് മിര്സ്ലാകുമാണ് (95) പഞ്ചാബിന് വിജയം സമ്മാനിച്ചത്. ബ്ലാസ്റ്റേഴ്സിനായി ഹെസൂസ് ഹിമനെയാണ് ഒരു ഗോള്‍ മടക്കിയത്. നാളെ വൈകുന്നേരം ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം മല്‍സരം.