ചാംപ്യന്‍സ് ലീഗില്‍ ബൊലോഗ്നയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ലിവര്‍പൂള്‍ യൂറോ ചാംപ്യന്‍സ് ലീഗിലെ ജയം ആഘോഷിച്ചത്. 11ാം മിനിറ്റില്‍ മക് അലിസ്റ്ററും 75ാം മിനിറ്റില്‍ സലയും ലിവര്‍പൂളിനായി വല കുലുക്കി. ഈ സമയം ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ കിങ്ങിനെ ലക്ഷ്യമിട്ട് യൂറോപ്യന്‍ വമ്പന്മാര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
ഈ സീസണ്‍ അവസാനത്തോടെ സലയുടെ ലിവര്‍പൂളുമായുള്ള കരാര്‍ അവസാനിക്കും. സലയ്ക്ക് മുന്‍പില്‍ ലിവര്‍പൂള്‍ പുതിയ കരാര്‍ വെച്ചോ എന്നത് സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ക്രിസ്റ്റ്യാനോയുടേയും നെയ്മറുടേയും പാത പിന്തുടര്‍ന്ന് സല സൗദി ലീഗിലേക്ക് ചേക്കേറിയേക്കും എന്ന അഭ്യൂഹങ്ങളും ശക്തമാണ്. എന്നാല്‍ സലയുടെ ലിവര്‍പൂളുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ സലയ്ക്ക് മുന്‍പില്‍ ഓഫര്‍ വയ്ക്കാന്‍ ലീഗ് വണ്‍ ക്ലബായ പിഎസ്ജി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കരിയറിന്റെ ഈ ഘട്ടത്തില്‍ സൗദി ലീഗിലേക്ക് പോകാന്‍ സലയ്ക്ക് താത്പര്യം ഇല്ലെന്ന വിലയിരുത്തലുകളാണ് ശക്തം. ആന്‍ഫീല്‍ഡ് വിടാന്‍ തയ്യാറായാല്‍ മൂന്ന് വര്‍ഷത്തെ കരാര്‍ സലയ്ക്ക് മുന്‍പില്‍ വയ്ക്കാനാണ് പിഎസ്ജി നീക്കം. മെസി, നെയ്മര്‍, എംബാപ്പെ എന്നിവര്‍ പോയതോടെ മറ്റൊരു പ്രധാനപ്പെട്ട സ്ട്രൈക്കറെ പിഎസ്ജിക്ക് ടീമിലേക്ക് എത്തിക്കേണ്ടതുണ്ട്.
കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ ആര്‍സനലിനോട് എതിരില്ലാത്ത രണ്ട് ഗോളിന് പിഎസ്ജി തോല്‍ക്കുക കൂടി ചെയ്തതോടെ വമ്പന്‍ സൈനിങ് വേണമെന്ന മുറവിളി പിഎസ്ജി ആരാധകരില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. ഈ സീസണില്‍ മിന്നും തുടക്കമാണ് സലയ്ക്ക് ലഭിച്ചിരിക്കുന്നത്. അഞ്ച് ഗോളുകള്‍ താരം ഇതിനോടകം തന്നെ സ്കോര്‍ ചെയ്തു. ക്ലോപ്പിന് ശേഷം എത്തിയ പരിശീലകന്‍ അര്‍നെ സ്ലോട്ടിന് കീഴിലും സലയ്ക്ക് താളം കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.
ലിവര്‍പൂള്‍ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള തന്റെ ആദ്യ 9 മത്സരങ്ങളില്‍ എട്ടിലും അര്‍നെ സ്ലോട്ടിന് ടീമിനെ ജയത്തിലേക്കെത്തിക്കാനായിരുന്നു. സലയെ ലിവര്‍പൂളില്‍ നിലനിര്‍ത്താനാവും സ്ലോട്ട് ശ്രമിക്കുക. എന്നാല്‍ പിഎസ്ജിയും സൗദി ക്ലബുകളും ഓഫര്‍ ചെയ്യുന്ന പണത്തിനൊപ്പം പുതിയ ഓഫര്‍ ലിവര്‍പൂളിന് സലയ്ക്ക് മുന്‍പില്‍ വയ്ക്കാന്‍ സാധിക്കില്ല.
2023ലെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ 200 മില്യണ്‍ പൗണ്ടിന്റെ ഓഫറാണ് അല്‍ ഇത്തിഹാദ് സലയ്ക്ക് മുന്‍പില്‍ വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. രണ്ട് സീസണുകള്‍ കൂടി സലയെ ആന്‍ഫീല്‍ഡില്‍ നിലനിര്‍ത്താന്‍ പാകത്തില്‍ ഓഫര്‍ ഈജിപ്ത്യന്‍ താരത്തിന് മുന്‍പില്‍ വെക്കാന്‍ ലിവര്‍പൂളിന് സാധിച്ചേക്കും.