ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി വെനസ്വേല. 13ാം മിനിറ്റില്‍ ഒട്ടമെന്‍ഡിയിലൂടെ അര്‍ജന്റീന സ്കോര്‍ ചെയ്തെങ്കിലും രണ്ടാം പകുതിയില്‍ റോണ്ടനിലൂടെ സമനില പിടിച്ച് വെനസ്വേല അര്‍ജന്റീനയ്ക്ക് പൂട്ടിട്ടു. എമിലിയാനോ മാര്‍ട്ടിനസിന്റെ അഭാവത്തില്‍ ഗെറോണിമോ റുല്ലിയാണ് അര്‍ജന്റീനയുടെ വല കാത്തത്.
13ാം മിനിറ്റില്‍ അര്‍ജന്റീനയുടെ ലോ സെല്‍സോയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കില്‍ നിന്നാണ് ഒട്ടമെന്‍ഡിയുടെ ഗോള്‍ പിറന്നത്. ബോക്സിലേക്ക് മെസി എത്തിച്ച പന്തില്‍ വെനസ്വേലന്‍ ഗോള്‍ കീപ്പര്‍ പഞ്ച് ചെയ്ത് തടുത്തെങ്കിലും പന്തെത്തിയത് ഒട്ടമെന്‍ഡിയിലേക്ക്. ഫിനിഷിങ്ങില്‍ ഒട്ടമെന്‍ഡിക്ക് പിഴയ്ക്കാതിരുന്നതോടെ അര്‍ജന്റീന ലീഡ് എടുത്തു.
പിന്നെ സമനില ഗോളിനായുള്ള വെനസ്വേലയുടെ ശ്രമങ്ങളായിരുന്നു. 16 ഷോട്ടുകളാണ് വെനസ്വേലയില്‍ നിന്ന് വന്നത്. വെള്ളം കെട്ടി ഗ്രൗണ്ടില്‍ മോശം സാഹചര്യം ആയിരുന്നതും വെനസ്വേലയ്ക്ക് തിരിച്ചടിയായി. രണ്ടാം പകുതി ആരംഭിച്ച് 48ാം മിനിറ്റില്‍ തന്നെ സലോമോണ്‍ റോണ്ട അര്‍ജന്റീനയുടെ നെഞ്ചിടിപ്പ് കൂട്ടി. ഇവിടെ റുല്ലി അര്‍ജന്റീനയുടെ രക്ഷകനായി. പിന്നാലെ എത്തിയ കോര്‍ണറില്‍ നിന്ന് നഹുവല്‍ ഫെരാരെസിയുടെ ഗോള്‍ ശ്രമത്തില്‍ നിന്നും തലനാരിഴയ്ക്ക് അര്‍ജന്റീന രക്ഷപെട്ടു.
കളിയുടെ 52ാം മിനിറ്റില്‍ അര്‍ജന്റീന ലീഡ് 2-0 ആയി ഉയര്‍ത്തും എന്ന് തോന്നിച്ചു. വെനസ്വേലയുടെ ഗോള്‍ മുഖത്തേക്ക് മെസിയുടെ നേതൃത്വത്തില്‍ മുന്നേറ്റം വന്നെങ്കിലും വല ചലിപ്പിക്കാനായില്ല. 58ാം മിനിറ്റില്‍ മികച്ചൊരു പൊസിഷനില്‍ നിന്ന് അര്‍ജന്റീനയ്ക്ക് ഫ്രീകിക്ക് ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. 65ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയെ സമനിലയില്‍ തളച്ച വെനസ്വേലയുടെ ഗോള്‍. സേറ്റല്‍ഡോയുടെ പാസില്‍ നിന്നായിരുന്നു റോണ്ടന്‍ വല കുലുക്കിയത്.