11 മിനിറ്റിനിടെ മൂന്ന് ഗോള്‍. ഇന്റര്‍ മയാമി ന്യൂ ഇംഗ്ലണ്ടിന് എതിരെ 6-2ന് ജയിച്ച കളിയില്‍ ഹാട്രിക്കോടെ വിസ്മയിപ്പിച്ച് മെസി. മെസിയുടെ ഹാട്രിക്കിനൊപ്പം സുവാരസിന്റെ ഇരട്ട ഗോളും വന്നതോടെ ആരാധകര്‍ക്ക് ഇരട്ടി മധുരം. മെസിയുടെ ഈ ആഴ്ചയിലെ രണ്ടാമത്തെ ഹാട്രിക്കാണ് ഇത്.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ വല കുലുക്കി ന്യൂ ഇംഗ്ലണ്ട് ഇന്‍റര്‍ മയാമിയെ ഞെട്ടിച്ചു. 34ാം മിനിറ്റില്‍ അവര്‍ ലീഡ് 2-0 ആയി ഉയര്‍ത്തി. എന്നാല്‍ 40, 43 മിനിറ്റുകളിലെ ഗോളോടെ സുവാരസ് ഇന്റര്‍ മയാമിയെ സമനിലയിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നിന്ന് ബെഞ്ചമിനിലൂടെ ഇന്‍റര്‍ മയാമി ലീഡ് 2-3 ആക്കി. പിന്നെ മെസിയുടെ ഊഴമായിരുന്നു. രണ്ടാം പകുതിയിലെ 58ാം മിനിറ്റിലാണ് ഇന്റര്‍ മയാമി മെസിയെ ഗ്രൗണ്ടിലേക്ക് ഇറക്കിയത്. 78ാം മിനിറ്റില്‍ സുവാരസിന്റെ ബാക്ക് ഹീല്‍ പാസില്‍ നിന്നാണ് മെസി ആദ്യ ഗോള്‍ വലയിലാക്കി.ആല്‍ബയുടെ അസിസ്റ്റില്‍ നിന്നായിരുന്നു , 81ാം മിനിറ്റിലെ മെസിയുടെ ഗോള്‍. ഒടുവില്‍ ഹാട്രിക് തികച്ച 89ാം മിനിറ്റില്‍ മെസിയുടെ ഗോള്‍ എത്തിയത് സുവാരസിന്റെ ക്രോസില്‍ നിന്ന്.
ഈ ആഴ്ച അര്‍ജന്റീനയുടെ കുപ്പായത്തില്‍ മൂന്ന് ഗോളുകള്‍, ഒപ്പം രണ്ട് അസിസ്റ്റും. പിന്നാലെ ഇന്റര്‍ മയാമിക്കായി ഹാട്രിക്. മിന്നും ഫോമിലാണ് മെസിയുടെ കളി. മെസിയുടെ ഗോള്‍ ബലത്തില്‍ എംഎല്‍എസിലെ റെക്കോര്‍ഡ് പോയിന്റും ഇന്റര്‍ മയാമി തങ്ങളുടെ പേരിലാക്കി. ഇന്റര്‍ മയാമിയുടെ എക്കാലത്തേയും മികച്ച ടോപ് സ്കോറര്‍മാരില്‍ മെസി ഒന്നാമതും എത്തിക്കഴിഞ്ഞു. ഈ സീസണില്‍ 19 കളിയില്‍ നിന്ന് 20 ഗോളാണ് മെസി സ്കോര്‍ ചെയ്തത്.