യുവേഫ ചാംപ്യന്‍സ് ലീഗിൽ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ബൊറൂസിയ ഡോർട്ട്മുണ്ടിനെ 5-2നാണ് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്. വിനിഷ്യസ് ജൂനിയറിന്റെ ഹാട്രിക്കിന്റെ പിന്‍ബലത്തിലാണ് റയല്‍ ഡോർട്ട്മുണ്ടിനെ തറപറ്റിച്ചത്. രണ്ട് ഗോളുകള്‍ക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു മത്സരത്തിലേക്കുള്ള റയലിന്റെ തിരിച്ചുവരവ്.
ആദ്യ പകുതി 2-0 എന്ന നിലയിലാണ് റയല്‍ അവസാനിപ്പിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ റയല്‍ വിശ്വരൂപം പുറത്തെടുത്തു. 60ാം മിനിറ്റില്‍ റുഡിഗറിലൂടെയായിരുന്നു റയലിന്റെ കളിയിലെ ആദ്യ ഗോള്‍. റുഡിഗറിന്റെ ഗോള്‍ വന്ന് രണ്ട് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴേക്കും വിനിഷ്യസ് വല കുലുക്കി സ്കോര്‍ 2-2 എന്ന നിലയിലാക്കി.
ലൂക്കസ് വസ്കസ് 83ാം മിനിറ്റില്‍ ഗോള്‍ നേടിയാണ് റയലിന് 3-2 എന്ന ലീഡ് നേടിക്കൊടുത്തത്. പിന്നാലെ നിശ്ചിത സമയം അവസാനിക്കാന്‍ നാല് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് വിനിഷ്യസിന്റെ രണ്ടാം ഗോള്‍ എത്തി. ഇഞ്ചുറി ടൈമില്‍ വിനിഷ്യസ് ഹാട്രിക്കും തികച്ചതോടെ റയലിന് 5-2ന്റെ തകര്‍പ്പന്‍ ജയം.
മത്സരത്തിന്റെ 62, 86, 93 മിനിറ്റുകളിലാണ് വിനിഷ്യസ് ഗോളുകൾ നേടിയത്. അന്റാണിയോ റുഡിഗർ, ലൂക്കസ് വസ്കസ് എന്നിവരും റയലിനായി സ്കോർ ചെയ്തു. ഡോണിയൽ മാലനും, ജാമി ബൈനോ-ജിറ്റൺസും ബൊറൂസിയക്കായി ഗോളുകൾ നേടി