സൂപ്പര്‍ ലീഗ് കേരള ഫൈനല്‍ മത്സരത്തില്‍ കാലിക്കറ്റിന്‍റെ ലീഡുയര്‍ത്തിയ ഗോള്‍ നേടിയത് ഹെയ്തിയന്‍ താരം കെർവെൻസ് ബെല്‍ഫോര്‍ട്ടാണ്. രണ്ടാം പകുതിയിലെ ബെല്‍ഫോര്‍ട്ടിന്‍റെ ഗോളിലാണ് ടീം രണ്ട് ഗോള്‍ ലീഡെടുത്തത്. ഹെയ്തി താരമാണെങ്കിലും കേരളത്തോടുള്ള ബെല്‍ഫോര്‍ട്ടിന്‍റെ സ്നേഹമാണ് ഈ അവസരത്തില്‍ ശ്രദ്ധേയമാകുന്നത്.

Also Read: സൂപ്പര്‍ ലീഗ് കേരള: പ്രഥമ കിരീടം കാലിക്കറ്റ് എഫ്.സിക്ക്

നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ബെല്‍ഫോര്‍ട്ട് കൊച്ചി ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയത്തിലെ പുല്ല് വീട്ടിലേക്ക് കൊണ്ടുപോകാനായി സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ കൊച്ചിയില്‍ ഫോഴ്സാ കൊച്ചിക്കായി കളിക്കാനെത്തിയപ്പോഴായിരുന്നു ഇത്. 

‘എഴു വര്‍ഷത്തോളമായി ഈ പുല്ല് ഞാന്‍ മിസ് ചെയ്യുകയാണ്. കുറച്ച് പുല്ല് പറിച്ച് ഞാന്‍ വീട്ടിലേക്ക് കൊണ്ടുപോകും. ഇനി ഞാൻ ഒരിക്കലും ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ വന്നില്ലെങ്കിൽ, ഈ പുല്ല് എന്‍റെ കൂടെ ഉണ്ടാകും. ഞാൻ അത് വീട്ടിൽ സൂക്ഷിക്കും. കുടുംബത്തോട് അതിനെക്കുറിച്ച് വിശദീകരിക്കും‘ എന്നിങ്ങനെയാണ് ബെല്‍ഫോര്‍ട്ടിന്‍റെ പ്രതികരണം. 

ബ്ലാസ്റ്റേഴ്സിനായി കളിച്ചത് കരിയറിലെ മികച്ച അനുഭവമായിരുന്നു, തിരിച്ചവരാന്‍ ആഗ്രഹമുണ്ടെന്നും ബെല്‍ഫോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച സമയത്ത് ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായകമായിരുന്നു ബെല്‍ഫോര്‍ട്ടിന്‍റെ പ്രകടനം. തൊട്ടടുത്ത സീസണില്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ജംഷദ്പൂര്‍ എഫ്സിയിലേക്ക് പോയപ്പോള്‍ ബെല്‍ഫോര്‍ട്ടും ടീം മാറി. 

ഞാന്‍ സ്കോര്‍ ചെയ്യുമ്പോള്‍ ഒരുപാട് പേര്‍ ആഘോഷിക്കുന്നുണ്ട്. എതിര്‍ടീമിലെ ആരാധകരടക്കം. അതാണ് ഓരോ തവണ ഞാന്‍ സ്കോര്‍ ചെയ്യുമ്പോഴും കേരളം വിട്ടത്തില്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നത് എന്നും ബെല്‍ഫോര്‍ട്ട് പറഞ്ഞിരുന്നു. ജംഷ്ദ്പൂരിന് ശേഷം ബംഗ്ലാദേശ്, ഇന്തോനേഷ്യ ലീഗുകളിലും ബെല്‍ഫോര്‍ട്ട് കളിച്ചിരുന്നു. 

ഫൈനലില്‍ ഫോഴ്സ കൊച്ചിക്കെതിരെ തുടക്കത്തില്‍ ലീഡെടുത്ത കാലിക്കറ്റ് എഫ്സിയെ സുരക്ഷിത സ്ഥാനത്തെത്തിച്ചത് ബെല്‍ഫോര്‍ട്ടിന്‍റെ ഗോളാണ്. 70–ാം മിനുട്ടില്‍ കാലിക്കറ്റിന് ലഭിച്ച ഫ്രീകിക്കിൽ നിന്നാണ് ബെല്‍ഫോര്‍ട്ടിന്‍റെ ഗോള്‍. ഫോഴ്സ കൊച്ചി ബോക്സിലേക്ക് പറന്നിറങ്ങിയ പന്ത് ഉയർന്നുചാടിയ കാലിക്കറ്റ് താരത്തിന്റെ തലയിൽത്തട്ടി പോസ്റ്റിനുമുന്നിൽ ബെൽഫോർട്ടിലേക്ക്. ബെൽഫോർട്ടിന്റെ ഇടംകാൽ ഷോട്ടില്‍ കാലിക്കറ്റ് ലീഡുയര്‍ത്തി.