ഒരിടവേളയ്ക്ക് ശേഷം അര്‍ജന്‍റീനന്‍ ദേശിയ ഫുട്ബോള്‍ ടീം കേരളത്തിലെത്തുന്നതിന്‍റെ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. അര്‍ജന്റീന കേരളത്തില്‍ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കായിക മന്ത്രി വി.അബ്ദുറഹ്മാന്‍റെ ചൊവ്വാഴ്ചയിലെ വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം ഔദ്യോഗികമാകും.
Also Read: അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
ആരൊക്കെ കളിക്കും, ലയണല്‍ മെസി എത്തുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇക്കാര്യത്തില്‍ മന്ത്രി ഉറപ്പു നല്‍കുമോ എന്നും ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലറിയാം. അതേസമയം മെസി വന്നാല്‍ കേരളത്തില്‍ ആവേശം കത്തിക്കയറുമെന്നുറപ്പ്. പെട്ടിയില്‍ പണ ചാകരയും.
അര്‍ജന്‍റീനന്‍ ദേശീയ ഫുട്ബോള്‍ ടീം കേരളത്തിലെത്തിയാല്‍ എതിരാളി മറ്റൊരു വിദേശ ടീമാകും. റാങ്കിങില്‍ രണ്ട് അറ്റത്ത് കിടക്കുന്ന ഇന്ത്യയും അര്‍ജന്‍റീനനയും പരസ്പരം മത്സരിക്കില്ല. അര്‍ജന്‍റീന ലോക ഒന്നാം നമ്പറും ഇന്ത്യ 125-ാം സ്ഥാനത്തുമാണ്. അർജന്റീനയും നേരിടാനുള്ള ടീമും കേരളത്തിൽ മത്സരിക്കുന്നതിന്റെ ചെലവ് മുഴുവൻ സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണു തീരുമാനം.
തിരുവനന്തപുരത്തും കൊച്ചിയിലുമായിരിക്കും മത്സരങ്ങൾ നടക്കുക. അങ്ങനെയെങ്കില്‍ മത്സരം കേരളത്തില്‍ ഇന്നുവരെ നടന്നതില്‍ ഏറ്റവും ചെലവേറിയതും വരുമാനം ലഭിച്ചതുമായ മത്സരമാകും ഇതെന്ന് ഉറപ്പ്.
മെസി നിറയ്ക്കും പണപ്പെട്ടി
ലയണല്‍ മെസി എത്തിയാല്‍ അതിന് അനുസരിച്ചുള്ള വരുമാനം ഉറപ്പാണ്. ഇതിന് ഉദാഹരണമാണ് 2011 ല്‍ കൊല്‍ക്കത്തയില്‍ നടന്ന അര്‍ജന്‍റീന– വെനസ്വെല മത്സരം. 2011 മെസി അടങ്ങുന്ന ഫുള്‍ടീമാണ് കൊല്‍ക്കത്തയില്‍ കളിച്ചത്. സെപ്റ്റംബര്‍ രണ്ടിന് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരം ഉണ്ടാക്കിയ വരുമാനം ഏകദേശം 16 കോടി രൂപയ്ക്ക് മുകളിലാണ്.
Also Read: മെസി കേരളത്തിലേക്ക് വരുമോ, ഇല്ലയോ? സൈബറിടത്തെ ചര്‍ച്ച ഇങ്ങനെ
ടിക്കറ്റ് വില്‍പ്പന, സ്പോണ്‍സര്‍ഷിപ്പ്, ബ്രോഡ്കാസ്റ്റിങ് അവകാശം വില്‍പ്പന എന്നിവയിലൂടെയാണ് 2011 ല്‍ 16 കോടി വരുമാനം നേടാനായത്. ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനുമായും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായി സഹകരിച്ച് സ്പോര്‍ട്സ് മാനേജ്മെന്‍റ് കമ്പനിയായ സെലിബ്രിറ്റി മാനേജ്മെന്‍റ് കമ്പനിയാണ് കൊല്‍ക്കത്തയില്‍ സൗഹൃദ മത്സരം നടത്തിയത്.
കോടികളുടെ കണക്ക്
കൊല്‍ക്കത്തയ്ക്കൊപ്പം ധാക്കയിലും അര്‍ജന്‍റീനയുടെ സൗഹൃദ മത്സരം നടത്താനുള്ള അവകാശം കമ്പനി നേടിയിരുന്നു. ഇതില്‍ കൊല്‍ക്കത്തയിലെ മത്സരത്തിന്‍റെ സംപ്രേക്ഷണാവകാശം അന്ന് വിറ്റത് 4.50 കോടി രൂപയ്ക്കാണ്. ദക്ഷിണേഷ്യയില്‍ മത്സരത്തിനുള്ള അവകാശം ഇഎസ്പിഎന്നും ആഫ്രിക്കയില്‍ യൂറോഡാറ്റയും യൂറോപ്പിലും വടക്ക്, തെക്കന്‍ അമേരിക്കയില്‍ കെന്‍ട്രോയുമാണ് മത്സരം സംപ്രേക്ഷണം ചെയ്തത്. ആകെ 150 രാജ്യങ്ങളില്‍ മത്സരം സംപ്രേക്ഷണം ചെയ്തു.
7-8 കോടി രൂപ വരെയാണ് ടിക്കറ്റ് വരുമാനായി പ്രതീക്ഷിച്ചത്. സ്റ്റേഡിയത്തില്‍ ആകെ 12 കോര്‍പ്പറേറ്റ് ബോക്സാണുള്ളത്. ഇവ 7.50 ലക്ഷം രൂപയ്ക്കാണ് വിറ്റു പോയതെന്നും കമ്പനി അവകാശപ്പെട്ടു. അഞ്ച് കോടിയോളം സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും നേടി. കൊല്‍ക്കത്ത ആസ്ഥാനമായുള്ള റോസ് വാലിയായിരുന്നു മത്സരത്തിന്‍റെ ടൈറ്റില്‍ സ്പോണ്‍സര്‍.
മെസി വന്നാല്‍ ചെലവ് എത്ര?
ലോക ചാംപ്യന്‍മാരായ അര്‍ജന്‍റീനന്‍ ടീമിന്‍റെ ഒരു മത്സരത്തിന്‍റെ ഫീ 4-5 മില്യണ്‍ ഡോളര്‍ (32-40 കോടി രൂപ) ആണ്. ഇതാണ് 2023 ല്‍ അര്‍ജന്‍റീനയുടെ ദക്ഷിണേഷ്യന്‍ പ്ലാനില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടും മത്സരം നടക്കാതിരുന്നതിന് കാരണം. അർജൻന്‍റീന ടീം കേരളത്തില്‍ വന്ന് കളിച്ച് മടങ്ങാൻ മൊത്തം നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്.
കാലം മാറിയതിനൊപ്പം വരുമാന സാധ്യതകളും ഉയര്‍ന്നതിനാല്‍ കൊല്‍ക്കത്തയിലുണ്ടാക്കിയതിനേക്കാള്‍ വരുമാനം കേരളത്തിലും പ്രതീക്ഷിക്കാം. മെസി എത്തുമെന്ന് ഉറപ്പിച്ചാല്‍ ഡിജിറ്റല്‍, ടെലിവിഷന്‍ സംപ്രേക്ഷണാവകാശങ്ങള്‍ വലിയ തുകയ്ക്ക് വിറ്റഴിക്കാം.
കൊച്ചിയില്‍ ഐഎസ്‍എല്‍ മത്സരങ്ങള്‍ പോലും നിറഞ്ഞ ഗ്യാലറിയില്‍ കളിക്കുമ്പോള്‍ കേരളത്തില്‍ ടിക്കറ്റ് വില്‍പ്പനയെ കുറിച്ചും സംശയമില്ല. മികച്ച സ്പോണ്‍സര്‍ഷര്‍മാരെ കൂടെ കൊണ്ടുവരാനായാല്‍ മെസി കേരളത്തിന് കോടികള്‍ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.