ഫുട്ബോള്‍ മല്‍സരത്തിനിടെ ആരാധകരുടെ അടിപിടി; 100 മരണം, നിരവധിപ്പേര്‍ക്ക് പരുക്ക് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയിലെ എന്‍സാക്കയില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ ആരാധകര്‍ ഏറ്റുമുട്ടി 100 പേര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ചയാണ് ദാരുണസംഭവം ഉണ്ടായത്. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു.
സൗഹൃദ മല്‍സരത്തിനിടെ റഫറിയുടെ തീരുമാനത്തെ ചൊല്ലി ആരാധകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായെന്നും തുടര്‍ന്ന് ഗ്രൗണ്ടിലേക്കിറങ്ങുകയുമായിരുന്നുവെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിക്കിലും തിരക്കിലുംപെട്ടാണ് മരണം. മൃതശരീരങ്ങള്‍ കൊണ്ട് പ്രാദേശിക ആശുപത്രികള്‍ നിറഞ്ഞുവെന്ന് നാട്ടുകാരില്‍ ചിലര്‍ വാര്‍ത്താ ഏജന്‍സികളോട് വെളിപ്പെടുത്തി.
മൃതദേഹങ്ങള്‍ നിലത്ത് കൂട്ടിയിട്ടിരിക്കുകയാണെന്നും മോര്‍ച്ചറികളില്‍ ഇനി സ്ഥലമില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അക്രമാസക്തരായ ആരാധകര്‍ എന്‍സുക പൊലീസ് സ്റ്റേഷന് തീയിട്ടു. ജുന്ത നേതാവായ മമാഡി ദൊംബൂയ നേതൃത്വം നല്‍കിയാണ് ഫുട്ബോള്‍ മല്‍സരം സംഘടിപ്പിച്ചത്.
2021 ല്‍ അട്ടിമറിയിലൂടെയാണ് ദൊംബൂയ അധികാരം പിടിച്ചതും സ്വയം പ്രസിഡന്‍റായി അവരോധിച്ചതും. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ടൂര്‍ണമെന്‍റും സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര സമ്മര്‍ദത്തെ തുടര്‍ന്ന് ജനകീയ സര്‍ക്കാരിന് ദൊംബൂയ ഈ മാസം അധികാരം കൈമാറമെന്ന് ധാരണയില്‍ എത്തിയിരുന്നുവെങ്കിലും പിന്നീട് സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു.