സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി ബാഴ്സലോണ. ജിദ്ദയില്‍ നടന്ന ഫൈനലില്‍ റയല്‍ മഡ്രിഡിനെ തകര്‍ത്താണ് ബാഴ്സലോണ കിരീടത്തില്‍ മുത്തമിട്ടത്. എല്‍ ക്ലാസിക്കോ പോരില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ ജയം. നാലാം മിനിറ്റില്‍ എംബപ്പെ റയലിന് ലീഡ് കണ്ടെത്തിയെങ്കിലും ഇരുപത്തിരണ്ടാം മിനിറ്റില്‍ ലമിൻ യമാല്‍ ബാഴ്സയ്ക്കായി സമനില ഗോള്‍ നേടി. രണ്ടാം പകുതിയില്‍ തിരിച്ചുവരാമെന്ന് കരുതിയ റയലിന് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയായിരുന്നു.
സമനില നേടിയതിന് പിന്നാലെ ഐഡ്വേഡോ കമവിൻഗയുടെ പിഴവിൽ 36 ാം മിനിറ്റിൽ പെനാൽറ്റി. പെനാല്‍റ്റി ഗോളാക്കിമാറ്റി പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സലോണയെ മുന്നിലെത്തിച്ചു. ശേഷം 39 ാം മിനിറ്റിൽ റയലിന്‍റെ ഗോള്‍വല ഭേദിച്ച് ബ്രസീലിയൻ സൂപ്പർതാരം റാഫീഞ്ഞയുടെ അടുത്ത ഗോള്‍. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ, അലഹാന്ദ്രോ ബാൾഡെ വീണ്ടും ബാര്‍സയ്ക്ക് വേണ്ടി ഗോള്‍ വീഴ്ത്തി. രണ്ടാം പകുതി ആരംഭിച്ചതിനു പിന്നാലെ 48 ാം മിനിറ്റില്‍ വീണ്ടും റാഫീഞ്ഞയുടെ ഗോള്‍. 60 ാം മിനിറ്റിൽ റോഡ്രിഗോയിലൂടെയായിരുന്നു റയലിന്റെ രണ്ടാം ഗോൾ. ഇതിനിടെ 56 ാം മിനിറ്റിൽ ബാര്‍സയുടെ ഗോൾകീപ്പർ വോയ്ചെക് ഷെസ്നി ചുവപ്പു കാർഡ് കണ്ടു പുറത്തായിരുന്നു.
ബാർസിലോനയുടെ 15 ാം സൂപ്പർ കപ്പ് കിരീടമാണിത്. തുടർച്ചയായ 3–ാം തവണ സൂപ്പർ കപ്പ് ഫൈനൽ കളിച്ച ബാർസയുടെ രണ്ടാം കിരീടമാണിത്. രണ്ടു തവണയും റയൽ മഡ്രിഡ് ആയിരുന്നു എതിരാളികൾ. റയൽ മഡ്രിഡ് 13 തവണ സൂപ്പർ കപ്പ് കിരീടം നേടിയിട്ടുണ്ട്.