യുവേഫ ചാംപ്യന്‍സ് ലീഗില്‍ സെര്‍ബിയന്‍ ക്ലബായ സ്വെസ്ദയെ 2-5നാണ് ബാര്‍സ പറപറത്തിയത്. ഇരട്ട ഗോളോടെ ലെവന്‍ഡോസ്കിയും ഓരോ ഗോള്‍ വീതം വലക്കകത്താക്കി മാര്‍ട്ടിനസും ഫെര്‍മിന്‍ ലോപസും ബാര്‍സയുടെ ജയം ആഘോഷമാക്കിയെങ്കിലും 55ാം മിനിറ്റില്‍ വല കുലുക്കിയ റാഫിഞ്ഞയാണ് ചര്‍ച്ചാ വിഷയം. ചാംപ്യന്‍സ് ലീഗില്‍ സാക്ഷാല്‍ മെസിയുടെ നേട്ടത്തിനൊപ്പമാണ് ബാര്‍സയുടെ ബ്രസീലിയന്‍ വിങ്ങര്‍ എത്തി നില്‍ക്കുന്നത്.
സീസണില്‍ ഹാന്‍സി ഫ്ളിക്കിന് കീഴില്‍ പറക്കുകയാണ് റാഫിഞ്ഞ. കണക്കുകളിലും അത് വ്യക്തം. മെസിയുടെ ചാംപ്യന്‍സ് ലീഗ് റെക്കോര്‍ഡിനൊപ്പം റാഫിഞ്ഞ എത്തി. 2019ന് ശേഷം കലണ്ടര്‍ വര്‍ഷം എട്ട് ചാംപ്യന്‍സ് ലീഗ് ഗോളുകള്‍ നേടുന്ന ആദ്യ താരമായി റാഫിഞ്ഞ. ലെവന്‍ഡോസ്കിക്കും വണ്ടര്‍ കിഡ് ലാമിന്‍ യമാലിനും ഒപ്പം മുന്‍നിരയില്‍ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടിയാണ് റാഫിഞ്ഞ കഴിഞ്ഞ മാസം ബയേണിനെതിരെ ഹാട്രിക് ഗോള്‍ ഉള്‍പ്പെടെ ആഘോഷിച്ചത്.
2024ല്‍ ഇതുവരെ എട്ട് ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് 12 ഗോള്‍ കോണ്‍ട്രിബ്യൂഷനുകളാണ് റാഫിഞ്ഞയില്‍ നിന്ന് വന്നത്. കഴിഞ്ഞ സീസണിലെ പിഎസ്ജിക്കെതിരായ ഹാട്രിക്കും കഴിഞ്ഞ മാസം ബയേണിനെതിരെ നേടിയ മൂന്ന് ഗോളുകളും ഇതില്‍ ഉള്‍പ്പെടും. ചാംപ്യന്‍സ് ലീഗില്‍ ഇനി ബ്രെസ്റ്റിനെതിരേയും പിന്നാലെ ബൊറൂസീയ ഡോര്‍ട്ട്മുണ്ടിനെതിരേയും ബാര്‍സ കളിക്കാനിറങ്ങും. കലണ്ടര്‍ വര്‍ഷത്തെ ചാംപ്യന്‍സ് ലീഗിലെ തന്റെ ഗോള്‍ വേട്ട ഈ മത്സരങ്ങളിലൂടെ ഉയര്‍ത്താന്‍ റാഫിഞ്ഞക്കാകും.
സീസണില്‍ ഇതുവരെ 12 ഗോളുകളാണ് റാഫിഞ്ഞയില്‍ നിന്ന് വന്നത്. എട്ട് അസിസ്റ്റും. എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ പഞ്ഞിക്കിട്ടപ്പോഴും വന്നിരുന്നു റാഫിഞ്ഞയുടെ ഗോള്‍. ലെവന്‍ഡോസ്കിക്ക് തൊട്ടുപിന്നില്‍ സെന്‍ട്രല്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എന്ന റോളാണ് ഫ്ളിക്ക് റാഫിഞ്ഞയ്ക്ക് നല്‍കിയത്. ഇടത് വിങ്ങില്‍ ഫെറാന്‍ ടോറസിനും പുതിയ താരം ഡാനി ഒല്‍മോയ്ക്കും പരുക്കേറ്റതോടെ ഇടത് വിങ്ങിലേക്ക് ഫ്ളിക്ക് റാഫിഞ്ഞയെ മാറ്റി. ഈ അവസരം മുതലെടുത്ത് ക്യാപ്റ്റനെന്ന ഉത്തരവാദിത്വവും വിജയകരമായി പൂര്‍ത്തിയാക്കുകയാണ് റാഫിഞ്ഞ.
വേഗത കൊണ്ടും ഫിനിഷിങ്ങിലെ മികവ് കൊണ്ടുമാണ് ഫ്ളിക്കിന് കീഴില്‍ റാഫിഞ്ഞ തിളങ്ങുന്നത്. പ്രതിരോധം അണ്‍ലോക്ക് ചെയ്യുന്നതിനായി നമ്പര്‍ 10 ആയും പല സമയങ്ങളിലും റാഫിഞ്ഞയെ ഫ്ളിക്ക് ഉപയോഗിക്കുന്നു.ഇന്റര്‍നാഷണല്‍ ബ്രേക്കിന് ശേഷം ക്ലബിലേക്ക് കൂടുതല്‍ കരുത്തോടെ റാഫിഞ്ഞ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.