Image Credit: sahal abdul samad/ Facebook
തോറ്റ് സാമ്രാജ്യം നഷ്ടപ്പെട്ട രാജാവിനേക്കാൾ ജയിച്ച പക്ഷത്തെ പടയാളിയാണ് ഹീറോ... പറഞ്ഞുവരുന്നത്, സഹൽ അബ്ദു സമദിനെക്കുറിച്ചാണ്. ഒരിക്കൽ ബ്ലാസ്റ്റേഴ്സിന്‍റെ പോസ്റ്റർ ബോയ് ആയിരുന്ന സഹലിന്‍റെ മാറ്റം അയാൾക്ക് നേട്ടമേ ഉണ്ടാക്കിയിട്ടുള്ളു. അപാരമായ ഫസ്റ്റ് ഇലവനും, ബെഞ്ച് സ്ട്രെങ്തുമുള്ള ബഗാനിൽ അവസരം കിട്ടുന്നതിനൊപ്പം 17മത്സങ്ങളിൽ കളിക്കളത്തിലുണ്ടായിരുന്നു എന്നത് നേട്ടം മാത്രമല്ല, കഴിവിനുള്ള അംഗീകാരം കൂടിയാണ്.
സീസണിൽ എന്തുകൊണ്ടും ചാമ്പ്യൻഷിപ്പ് അർഹിച്ച ടീം തന്നെയായിരുന്നു ബഗാൻ. കണക്കുകളും കളിയും അത് വ്യക്തമാക്കുന്നുണ്ട്. ലീഗിലെ ഏറ്റവും വിജയതൃഷ്ണയുള്ള ടീമാണ് എക്കാലത്തും ബഗാൻ. 24കളികളിൽ രണ്ടിൽ മാത്രമേ സീസണിൽ ബഗാൻ തോറ്റിട്ടുള്ളു.
കളിക്കാരെ തിരഞ്ഞെടുക്കുന്നതിലുള്ള മികവ് അത്രത്തോളമുണ്ട് ബഗാൻ മാനേജ്മെന്‍റിന്. മികച്ച ഇന്ത്യൻ കളിക്കാരെയും, വിദേശ കളിക്കാരെയും ആദ്യം ടീമിലെത്തിക്കുന്നതു മുതൽ തുടങ്ങുന്നു വംഗനാട്ടുകാരുടെ വിജയം. പോരാത്തതിന് അവർക്ക് അനുയോജ്യമായ, ഒപ്പം നിൽക്കുന്ന പകരക്കാരും. എല്ലാം കഴിഞ്ഞിട്ട് പരിശീലകനെ തേടുന്ന രീതിയും ബഗാനില്ല. കോച്ചിന്‍റെ തന്ത്രങ്ങൾക്കനുസരിച്ച് പന്തുതട്ടുന്ന കളിക്കാരും, തന്ത്രങ്ങൾ വിജയത്തിലെത്തിക്കുന്ന കൂട്ടായ്മയും ബഗാന് അധികോർജ്ജമാണ്.
ഫുട്ബോൾ ഒരു ഒറ്റയാൾ ഗെയിമോ, ഏകകേന്ദ്രീകൃതമോ അല്ലെന്ന തിരിച്ചറിവും അവർക്കുണ്ട്. പിന്നാക്കം പോകുന്ന ടീമുകൾക്ക് ബഗാനിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്. ബഗാന്‍റെ വിജയത്തിൽ സഹലിനൊപ്പം ആഷിഖ് കുരുണിയനും ഉണ്ടെന്നത് കേരളത്തിലെ ഫുട്ബോൾ ആരാധകർക്കും ആഹ്ലാദമേകുന്നുണ്ട്.