• മല്‍സരം വൈകിട്ട് ഏഴരയ്ക്ക്
  • മൂന്നാം കിരീടം ലക്ഷ്യമിട്ട് കൊല്‍ക്കത്ത
  • ആത്മവിശ്വാസത്തോടെ സണ്‍റൈസേഴ്സ്

ഐപിഎലില്‍ ഇന്ന് കലാശക്കൊട്ട്.  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍ റൈസേഴ്സ് ഹൈദരാബാദും നേര്‍ക്കുനേര്‍. വൈകിട്ട് ഏഴരയ്ക്ക് ചെന്നൈയിലാണ് മല്‍സരം. ലീഗ് പോരാട്ടത്തിലെ ആദ്യ സ്ഥാനക്കാര്‍. മൂന്നാം കിരീടം ലക്ഷ്യമിട്ട് കൊല്‍ക്കത്തയും രണ്ടാം മോഹവുമായി ഹൈദരാബാദും നേര്‍ക്കുനേര്‍. ആദ്യ ക്വാളിഫയറിലേറ്റ പരാജയം മറന്ന് പാറ്റ് കമ്മിന്‍സിന്‍റെ റൈസേഴ്സിറങ്ങുമ്പോള്‍ ആ വിജയം നല്‍കിയ ആത്മവിശ്വാസമാണ് ശ്രേയസ് അയ്യറുടെ റൈഡേഴ്സിന്‍റെ കൈമുതല്‍. 

സുനില്‍ നരെയ്നും ശ്രേയസ് അയ്യറും ആന്‍ഡ്രേ റസലുമെല്ലാമടങ്ങുന്ന റൈഡേഴ്സിന്‍റെ സ്ഥിരതയിലാണ് ആരാധകരുടെ പ്രതീക്ഷ. ലീഗ് മല്‍സരങ്ങളില്‍ ഒന്നിന് മുകളില്‍ നെറ്റ് റണ്‍ റേറ്റുള്ള ഏക ടീമാണ് കൊല്‍ക്കത്ത. മറുവശത്ത്, വമ്പനടികളുടെ കൊമ്പന്‍മാരായ സണ്‍ റൈസേഴ്സിന്‍റെ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ഹെന്‍റിച്ച് ക്ലാസെനുമൊക്കെ അഴിഞ്ഞാടിയാല്‍ ഫൈനലില്‍ റണ്‍മല കാണാം. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇന്നലെ ഹൈദരാബാദ് പരിശീലനത്തിനിറങ്ങാതെ വിശ്രമത്തിലായിരുന്നു. വൈകിട്ട് മൂന്ന് മണിക്കൂറോളം കൊല്‍ക്കത്ത നെറ്റ് പരിശീലനം നടത്തി. അതേസമയം,  ട്വന്‍റി 20ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ ഒരാള്‍പോലും ഐപിഎല്‍ ഫൈനല്‍ കളിക്കാനിറങ്ങുന്നില്ലെന്നതും കൗതുകകരമാണ്. 

ENGLISH SUMMARY:

IPL 2024; KKR vs SRH Final at Chennai