ഐപിഎല്ലിലെ തന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് താരം റിങ്കു സിങ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമായ 24.75 കോടി നേടിയ താരമുള്ള ടീമില്‍ റിങ്കുവിന്റെ പ്രതിഫലം 55 ലക്ഷം ആണെന്നത് ചൂണ്ടിയുള്ള ചോദ്യത്തിനോടാണ് റിങ്കു പ്രതികരിച്ചത്. കുട്ടിക്കാലത്ത് അഞ്ച് രൂപ പോലും കിട്ടിയാല്‍ തനിക്ക് സന്തോഷമായിരുന്നു എന്നാണ് റിങ്കുവിന്റെ വാക്കുകള്‍.
'50-55 ലക്ഷം എന്നത് ഒരു വലിയ തുകയാണ്. കളിക്കാന്‍ ആരംഭിക്കുമ്പോള്‍ ഇത്രയും തുക ലഭിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. അഞ്ച് രൂപയും പത്ത് രൂപയുമെല്ലാം എങ്ങനെയെങ്കിലും കണ്ടെത്താനാണ് കുട്ടിക്കാലത്ത് ശ്രമിച്ചത്. ഇപ്പോള്‍ എനിക്ക് 55 ലക്ഷം രൂപ ലഭിക്കുന്നു. ദൈവം എന്താണോ നല്‍കുന്നത് അതില്‍ ഞാന്‍ സന്തോഷം കണ്ടെത്തണം. അങ്ങനെയാണ് ഞാന്‍ ചിന്തിക്കുന്നത്. എനിക്ക് ഇതിലും കൂടുതല്‍ തുക കിട്ടണമായിരുന്നു എന്ന് ഞാന്‍ ചിന്തിക്കാറില്ല. പണത്തിന്റെ മൂല്യം എനിക്ക് നന്നായി അറിയാം', ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിങ്കു സിങ് പറയുന്നു.
ഏഴ് വര്‍ഷമായി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ഭാഗമാണ് റിങ്കു സിങ്. കൊല്‍ക്കത്തയ്ക്കായി മിന്നും ബാറ്റിങ്ങുമായി നിറഞ്ഞതോടെ ഇന്ത്യന്‍ ടീമിലേക്കും റിങ്കുവിന് വിളിയെത്തി. എന്നാല്‍ കൊല്‍ക്കത്തയിലെ റിങ്കുവിന്റെ പ്രതിഫലം 55 ലക്ഷമാണ്. താര ലേലത്തിലേക്ക് റിങ്കുവിന്റെ പേരെത്തിയാല്‍ ഫ്രാഞ്ചൈസികള്‍ പണം വാരിയെറിയുമെന്ന് ഉറപ്പാണ്. 'സത്യം പറഞ്ഞാല്‍ എല്ലാം ഒരു മിഥ്യാബോധമാണ്. ജനിക്കുമ്പോള്‍ നമ്മള്‍ ഒന്നും കൊണ്ടുവരുന്നില്ല. മരിക്കുമ്പോള്‍ ഒന്നും കൊണ്ടുപോകുന്നുമില്ല. എപ്പോഴാണ് കാര്യങ്ങള്‍ മാറി മറിയുക എന്ന് പറയാനാവില്ല. എങ്ങനെ വന്നോ അതേപോലെ തിരികെ പോകണം എന്നാണ് ഞാന്‍ പറയുക. വിനീതനായി നില്‍ക്കുക', റിങ്കു സിങ് പറയുന്നു.
2018 മുതല്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ഭാഗമാണ് റിങ്കു. ആദ്യ സീസണില്‍ കൊല്‍ക്കത്തക്കായി കളിച്ചത് 4 മത്സരങ്ങള്‍. നേടാനായത് 29 റണ്‍സ് മാത്രം. 2022 മുതലാണ് റിങ്കുവിന് കൂടുതല്‍ മത്സരങ്ങള്‍ സീസണില്‍ കളിക്കാനായത്. ആ സീസണില്‍ ഏഴ് കളിയില്‍ നിന്ന് സ്കോര്‍ ചെയ്തത് 174 റണ്‍സ്. 2023 സീസണില്‍ വെടിക്കെട്ട് ബാറ്റിങ്ങോടെ റിങ്കു ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയെല്ലാം തന്നിലേക്ക് എത്തിച്ചു. 14 കളിയില്‍ നിന്ന് നേടിയെടുത്തത് 474 റണ്‍സ്. 59 ആയിരുന്നു ബാറ്റിങ് ശരാശരി. എന്നാല്‍ ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വേണ്ടത്ര മികവിലേക്ക് എത്താന്‍ റിങ്കുവിനായില്ല. 168 റണ്‍സ് ആണ് നേടാനായത്. ബാറ്റിങ് ശരാശരി 18.67 മാത്രം.