ഫോട്ടോ: പിടിഐ

TOPICS COVERED

അടുത്ത ഐപിഎല്‍ സീസണ്‍ ധോണി കളിക്കാനെത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകര്‍ ഇപ്പോഴും. തന്റെ ഐപിഎല്‍ ഭാവിയെ കുറിച്ച് ധോണി മൗനം തുടരുന്നതിന് ഇടയില്‍ അണ്‍ക്യാപ്ഡ് പ്ലേയര്‍ റൂള്‍ വീണ്ടും ചര്‍ച്ചയാവുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരങ്ങളെ അണ്‍ക്യാപ്ഡ് പ്ലേയര്‍മാരായി പരിഗണിക്കുന്ന നിയമം വീണ്ടും കൊണ്ടുവരാന്‍ ബിസിസിഐ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ പിന്നിട്ട താരങ്ങളെ അണ്‍ക്യാപ്ഡ് പ്ലേയര്‍മാരായി പരിഗണിക്കുന്നതാണ് ഈ നിയമം. 2021 വരെ ഈ നിയമം ഐപിഎല്ലിലുണ്ടായിരുന്നു. ഈ നിയമം തിരകെ കൊണ്ടുവരണം എന്ന ആവശ്യം ചെന്നൈ സൂപ്പര്‍ കിങ്സ് മുന്‍പോട്ട് വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. അണ്‍ക്യാപ്ഡ് പ്ലേയര്‍ കാറ്റഗറിയില്‍ ധോണി വന്നാല്‍ താരത്തെ താര ലേലത്തിന് മുന്‍പായി ടീമില്‍ നിലനിര്‍ത്തുന്നതിന് ചെന്നൈക്ക് വലിയ തുക മുടക്കേണ്ടി വരില്ല. 

റീറ്റെന്‍ഷന്‍ റൂള്‍ അനുസരിച്ച് അണ്‍ക്യാപ്ഡ് താരത്തെ നാല് കോടി രൂപയ്ക്ക് ടീമില്‍ നിലനിര്‍ത്താനാവും. 2022 ഐപിഎല്‍ സീസണില്‍ 12 കോടി രൂപയ്ക്കാണ് ധോണിയെ ചെന്നൈ ടീമില്‍ നിലനിര്‍ത്തിയത്. എന്നാല്‍ അണ്‍ക്യാപ്ഡ് റൂള്‍ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് തങ്ങള്‍ ഒരു ആവശ്യവും ബിസിസിഐക്ക് മുന്‍പാകെ വെച്ചിട്ടില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. 

അങ്ങനെ ഒരാവശ്യം ഞങ്ങള്‍ മുന്‍പോട്ട് വെച്ചിട്ടില്ല. അണ്‍ക്യാപ്ഡ് പ്ലേയര്‍ റൂള്‍ തിരികെ കൊണ്ടുവരും എന്ന് ബിസിസിഐ പറ‍ഞ്ഞു. ഇതുവരെ ബിസിസിഐ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല, കാശി വിശ്വനാഥന്‍ പറഞ്ഞു. 2024 ഐപിഎല്‍ സീസണില്‍ ഡെത്ത് ഓവറുകളിലാണ് ധോണി ബാറ്റിങ്ങിന് ഇറങ്ങിയത്. സീസണില്‍ 73 പന്തുകള്‍ നേരിട്ട ധോണി അടിച്ചെടുത്തത് 161 റണ്‍സ്. സ്ട്രൈക്ക്റേറ്റ് 220.54. ബാറ്റിങ് ശരാശരി 53.66.

ENGLISH SUMMARY:

There are reports that the BCCI is preparing to bring back the rule that treats players who have retired from international cricket as uncapped players