പ്രായം വെറും സംഖ്യ മാത്രമാണെന്ന് പല ക്രിക്കറ്റ് താരങ്ങളും തെളിയിച്ചിട്ടുണ്ട്. എം.എസ്.ധോണിയേയും പീയുഷ് ചൗളയേയും പോലുള്ള താരങ്ങളാല്‍ ആ പട്ടിക നീളുന്നു. ഈ രണ്ട് പേരും ഐപിഎല്ലില്‍ സജീവവുമാണ്. പീയുഷ് ചൗളയ്ക്ക് പ്രായം 35 ആണെങ്കില്‍ ധോണിയുടെ പ്രായം 43ലേക്ക് എത്തി. രണ്ട് പേരും ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സൂചന നല്‍കിയിട്ടില്ല. എപ്പോള്‍ വിരമിക്കും എന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കുകയാണ് പീയുഷ് ചൗള.
പീയുഷ് ചൗള ആയിരിക്കുമോ എം.എസ്.ധോണി ആയിരിക്കുമോ ആദ്യം വിരമിക്കുക? ഒരു ഷോയില്‍ പങ്കെടുക്കവെ പീയുഷ് ചൗളക്ക് നേരെയെത്തിയ ചോദ്യം ഇതായിരുന്നു. മഹി ഭായി എന്നായിരുന്നു പീയുഷ് ചൗളയുടെ മറുപടി. 'ഏതാനും നാള്‍ മുന്‍പ് പൃഥ്വി ഷാ എന്നോട് പറഞ്ഞു മതിയാക്കാന്‍, ഞാന്‍ അവന് കൊടുത്ത മറുപടി ഇങ്ങനെയാണ്, ഞാന്‍ സച്ചിന്‍റെ കൂടെയും കളിച്ചു അദ്ദേഹത്തിന്റെ മകന്‍റെ കൂടെയും കളിച്ചു. ഞാന്‍ നിന്‍റെ കൂടെയും കളിച്ചു, ഇനി നിന്‍റെ മകന്‍റെ കൂടെ കളിച്ചശേഷമേ വിരമിക്കുകയുള്ളു', പീയുഷ് ചൗള പറയുന്നു.
2007ലാണ് പീയുഷ് ചൗള ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. 2007ലെ ട്വന്റി20 ലോകകപ്പ് നേടിയ ടീമിലും 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലും പീയുഷ് ചൗള അംഗമായിരുന്നു. പീയുഷ് ചൗള ഇതുവരെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. 192 ഐപിഎല്‍ മത്സരങ്ങളാണ് ഇതുവരെ പീയുഷ് ചൗള കളിച്ചത്. വീഴ്ത്തിയത് 192 വിക്കറ്റും. 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. ഇക്കണോമി 7.96. 2024 ഐപിഎല്‍ സീസണില്‍ 11 മത്സരമാണ് ചൗള കളിച്ചത് വീഴ്ത്തിയത് 13 വിക്കറ്റും.