മേജര്‍ മിസ്സിങ് എന്ന തലക്കെട്ടോടെ രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പാണ് ആരാധകര്‍ക്കിടിയില്‍ ആശങ്ക പടര്‍ത്തിയത്. 2025 സീസണിന് മുന്‍പായുള്ള മെഗാ താര ലേലത്തിന് മുന്‍പ് സഞ്ജുവിനെ രാജസ്ഥാന്‍ റിലീസ് ചെയ്തേക്കും എന്ന അഭ്യൂഹങ്ങള്‍ ഇതോടെ ശക്തമായി. ഇപ്പോള്‍ ധോണിയുടെ പകരക്കാരനായി ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് വിക്കറ്റിന് പിന്നില്‍ നില്‍ക്കാന്‍ സഞ്ജു സാംസണ്‍ എത്തിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
ഐപിഎല്‍ 2025 സീസണില്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് എത്തിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇത് സംബന്ധിച്ച സൂചനകളൊന്നും ചെന്നൈ ക്യാംപില്‍ നിന്നും വന്നിട്ടില്ല. താര ലേലത്തിന് മുന്‍പായുള്ള ട്രേഡ് വിന്‍ഡോയിലൂടെ ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയേക്കും എന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. അടുത്ത സീസണ്‍ ചെന്നൈക്ക് വേണ്ടി ധോണി കളിക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ധോണി കളം വിടുകയാണ് എങ്കില്‍ വിക്കറ്റിന് പിന്നിലേക്ക് സഞ്ജുവിനെയാണ് നോട്ടമിടുന്നതെന്നാണ് സൂചന.
ശിവം ദുബെയെ പകരം ചെന്നൈ സൂപ്പര്‍ കിങ്സില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെട്ടേക്കും എന്നും സൂചനയുണ്ട്. എന്നാല്‍ ശിവം ദുബെയെ വാങ്ങി സഞ്ജുവിനെ വിട്ടുനല്‍കുന്നൊരു ഡീലിന് രാജസ്ഥാന്‍ റോയല്‍സ് തയ്യാറാവില്ലെന്ന പ്രതികരണങ്ങളും ഉയരുന്നുണ്ട്. സഞ്ജുവിനെ രാജസ്ഥാന്‍ വിട്ടുകൊടുക്കരുത് എന്ന കമന്റുകളാണ് നിറയുന്നത്.
2013ലാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. 2016, 2017 സീസണുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ കളിച്ചു. 2021ലാണ് രാജസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനം സഞ്ജുവിന്റെ കൈകളിലേക്ക് വരുന്നത്. കഴിഞ്ഞ സീസണില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും സീസണ്‍ അവസാനത്തിലേക്ക് എത്തിയപ്പോള്‍ തുടര്‍ പരാജയങ്ങളിലേക്ക് വീണത് രാജസ്ഥാന് തിരിച്ചടിയായിരുന്നു.