ഐപിഎല്‍ മെഗാ താര ലേലത്തിന് മുന്‍പ് ആരെയെല്ലാം ഫ്രാഞ്ചൈസികള്‍ ടീമില്‍ നിലനിര്‍ത്തും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളില്‍ ബുമ്ര ഉണ്ടാവും എന്ന വിലയിരുത്തലുകളാണ് ശക്തം. എന്നാല്‍ ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ബുമ്രയ്ക്ക ഐപിഎല്ലിലെ പ്രതിഫലം 12 കോടി. എട്ട് വര്‍ഷത്തിന് ശേഷം ഐപിഎല്ലില്‍ മടങ്ങിയെത്തിയ ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കിന് ലഭിക്കുന്നത് 24.75 കോടി. 2025 ഐപിഎല്‍ താര ലേലത്തില്‍ സ്റ്റാര്‍ക്കിനേക്കാള്‍ കൂടുതല്‍ പ്രതിഫലം ബുമ്രയ്ക്ക് ലഭിക്കേണ്ടതല്ലേ?
ഐപിഎല്‍ കരിയര്‍ എടുക്കുമ്പോള്‍ 133 മത്സരങ്ങളില്‍ നിന്ന് ബുമ്ര വീഴ്ത്തിയത് 165 വിക്കറ്റ്. ഐപിഎല്‍ കരിയറിലെ മികച്ച പ്രകടനം 5-10. ഇക്കണോമി 7.30. 2024 സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് ബുമ്ര വീഴ്ത്തിയത് 20 വിക്കറ്റ്. മികച്ച പ്രകടനം 5-21, ഇക്കണോമി 6.48. 2024 സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് സ്റ്റാര്‍ക്ക് വീഴ്ത്തിയത് 17 വിക്കറ്റ്. മികച്ച പ്രകടനം 4-33. ഇക്കണോമി 10.61. സ്റ്റാര്‍ക്കിന്റെ അക്യുറസിയില്‍ ക്രിക്കറ്റ് ലോകത്തിന് ചോദ്യങ്ങളില്ലെങ്കിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബുമ്രയില്‍ നിന്ന് വരുന്ന മികവാണ് അതിന് മുകളില്‍ നില്‍ക്കുന്നത്.
നിലവില്‍ 12 കോടി രൂപയാണ് മുംബൈയില്‍ ബുമ്രയുടെ പ്രതിഫലം. ഒരു ഡെലിവറിക്ക് 71,429 രൂപ. മിച്ചല്‍ സ്റ്റാര്‍ക്കിന് ഒരു ഡെലിവറിക്ക് ലഭിക്കുന്നത് 7,39,097 രൂപ. എന്നാല്‍ കഴിഞ്ഞ സീസണിലെ പ്രകടനം നോക്കുമ്പോള്‍ സ്റ്റാര്‍ക്കിന് മുകളില്‍ ബുമ്ര നില്‍ക്കുന്നുണ്ടെന്ന് വ്യക്തം. സ്റ്റാര്‍ക്കിന്റെ കണക്കുകള്‍ നോക്കുമ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഓസീസ് താരത്തിന്റെ ഇക്കണോമി 11 ആണ്. എന്നാല്‍ പ്ലേഓഫിലും ഫൈനലിലം നിര്‍ണായക പ്രകടനം നടത്താന്‍ സ്റ്റാര്‍ക്കിനായി.
വൈറ്റ് ബോള്‍ ക്രിക്കറ്റ് ഇതിഹാസമാണ് സ്റ്റാര്‍ക്ക് എങ്കിലും ഐപിഎല്ലിലേക്ക് വരുമ്പോള്‍ കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കിയിരിക്കുന്നത് ബുമ്രയാണ്. പ്രായം പരിഗണച്ചാല്‍ സ്റ്റാര്‍ക്ക് 34ലേക്ക് എത്തുന്നു. ബുമ്ര തന്റെ ഏറ്റവും മികച്ച കാലത്തിലൂടെയും കടന്നു പോകുന്നു. താന്‍ അര്‍ഹിക്കുന്ന തുക മുന്‍പില്‍ വെക്കാന്‍ മുംബൈക്ക് സാധിച്ചില്ലെങ്കില്‍ ബുമ്ര ടീം വിടുമോ? മുംബൈ വിട്ടാല്‍ താര ലേലത്തില്‍ റെക്കോര്‍ഡ് തുക ബുമ്രയെ തേടിയെത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.