ഒരു വര്‍ഷത്തോളം ക്രിക്കറ്റ് താരം യഷ് ദയാലിന്റെ പിതാവ് ചന്ദ്രപ്രാല്‍ ദയാല്‍ ഉച്ചതിരിഞ്ഞുള്ള സമയം വീടിന് പുറത്തേക്കിറങ്ങാന്‍ മടിച്ചിരുന്നു. അതിന്റെ കാരണം ഏറെ വേദനിപ്പിക്കുന്നതാണ്. സ്കൂള്‍ ബസില്‍ വരുന്ന കുട്ടികള്‍ യഷ് ദയാലിന്റെ വീടിന് മുന്‍പിലെത്തുമ്പോള്‍ റിങ്കു സിങ്, റിങ്കു സിങ്, അഞ്ച് സിക്സ് എന്നെല്ലാം ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ ഇന്ന് ചന്ദ്രപാല്‍ ദയാല്‍ ഏറെ സന്തോഷവാനാണ്. തന്റെ മകന്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയിരിക്കുന്നു.
2023 ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സും കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സും തമ്മിലുള്ള മത്സരത്തിലാണ് അവസാന ഓവറില്‍ യഷ് ദയാലിനെതിരെ റിങ്കു സിങ് അഞ്ച് സിക്സ് പറത്തിയത്. ആ സംഭവം തളര്‍ത്തിയത് യഷ് ദയാലിനെ മാത്രമായിരുന്നില്ല, യഷിന്റെ കുടുംബത്തെ ഒന്നാകെയായിരുന്നു.
'വീട്ടില്‍ ആര്‍ക്കോ എന്തോ അപകടം സംഭവിച്ചത് പോലെ ആയിരുന്നു. സ്കൂള്‍ ബസ് വീടിന് മുന്‍പിലൂടെ കടന്ന് പോകുമ്പോള്‍ കുട്ടികള്‍ റിങ്കു സിങ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. ഏറെ വേദനിപ്പിക്കുന്നതായിരുന്നു അത്. യഷിന്റെ അമ്മ രാധ അസുഖബാധിതയായി മാറി. ഭക്ഷണം കഴിക്കാനും കൂട്ടാക്കാതിരുന്ന അമ്മ വിഷാദത്തിലേക്ക് നീണ്ടു. യഷും ആകെ തകര്‍ന്നിരുന്നു. കുറേ ദിവസങ്ങള്‍ അവന്‍ ആരോടും സംസാരിക്കാതെയിരുന്നു. ആ രാത്രി ഏല്‍പ്പിച്ച ആഘാതം അവനെ വേട്ടയാടിക്കൊണ്ടിരുന്നു. ഗുജറാത്ത് ടൈറ്റന്‍സും അവനെ റിലീസ് ചെയ്തതോടെ കരിയര്‍ വീണ്ടും പടുത്തുയര്‍ത്തേണ്ടി വന്നു', യഷ് ദയാലിന്റെ പിതാവ് പറയുന്നു.
'മുന്‍പില്‍ പ്രതിസന്ധി നിറഞ്ഞു നിന്നെങ്കിലും ഞങ്ങള്‍ കുടുംബം ഒന്നാകെ ഒരു പ്രതിഞ്ജ എടുത്തു. ഇന്ത്യക്ക് വേണ്ടി നീ കളിക്കുന്ന ദിവസം വരുന്നത് വരെ നമ്മള്‍ പൊരുതിക്കൊണ്ടിരിക്കും എന്ന്. നീ ഇന്ത്യക്ക് വേണ്ടി കളിക്കും എന്ന്', ചന്ദര്‍പാല്‍ പറയുന്നു. ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിലാണ് യഷ് ദയാല്‍ ഇടംപിടിച്ചത്. ചെന്നൈയിലാണ് ബംഗ്ലാദേശിനെതിരാ ആദ്യ ടെസ്റ്റ്. ഇവിടെ സ്പിന്നിന് അനുകൂലമായ പിച്ച് ആണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ബുമ്രയ്ക്കും സിറാജിനും പുറമെ മൂന്നാമതൊരു പേസറെ ഇന്ത്യ ഇറക്കാനുള്ള സാധ്യത കുറവാണ്.