TOPICS COVERED

എം.എസ് ധോണി ഐപിഎല്‍ 2025 സീസണ്‍ കളിക്കുമോ? നിലവില്‍ അതിന്റെ ഉത്തരം ധോണിക്ക് മാത്രമാണ് അറിയാവുന്നത് എന്ന് വ്യക്തമാക്കിയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ കാശി വിശ്വനാഥിന്റെ പ്രതികരണം വരുന്നത്. അടുത്ത സീസണിലും ധോണി കളിക്കണം എന്നാണ് ഫ്രാഞ്ചൈസിയുടെ ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം ടി10 ഉള്‍പ്പെടെ മറ്റ് രാജ്യാന്തര ലീഗുകളിലേക്കും ധോണി ശ്രദ്ധ കൊടുക്കാന്‍ പോകുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

'ചെന്നൈ സൂപ്പര്‍ കിങ്സ് ടീമില്‍ ധോണിയും കളിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാല്‍ ധോണി ഇതുവരെ ഒരു ഉറപ്പ് നല്‍കിയിട്ടില്ല. ഒക്ടോബര്‍ 31ന് മുന്‍പ് അറിയിക്കാം എന്നാണ് ധോണി പറയുന്നത്. ധോണി കളി തുടരും എന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്', കാശി വിശ്വനാഥന്‍ പറയുന്നു. 

താര ലേലത്തിന് മുന്‍പ് ധോണിയെ അണ്‍ക്യാപ്പ്ഡ് താരമായി പരിഗണിച്ച് ടീമില്‍ നിലനിര്‍ത്താനുള്ള സാധ്യതയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് തേടുന്നതെന്ന വിലയിരുത്തലുകളാണ് ശക്തം. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷത്തോളം പിന്നിട്ട താരങ്ങളെ അണ്‍ക്യാപ്പ്ഡ് കളിക്കാരായി പരിഗണിക്കാം എന്ന നിയമം ഇത്തവണ ബിസിസിഐ തിരികെ കൊണ്ടു വന്നിരുന്നു. ഇത് ധോണിക്ക് വേണ്ടിയാണെന്ന വിലയിരുത്തലുകളാണ് ശക്തമായത്. അണ്‍ക്യാപ്പ്ഡ് താരമായി പരിഗണിച്ചാല്‍ നാല് കോടി രൂപയാവും ധോണിയുടെ പ്രതിഫലം. 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഡെത്ത് ഓവറുകളില്‍ ബാറ്റിങ്ങിനിറങ്ങി വെടിക്കെട്ട് ബാറ്റിങ് നടത്തി ധോണി ആരാധകരെ ത്രില്ലടിപ്പിച്ചിരുന്നു. 220.55 എന്നതാണ് കഴിഞ്ഞ സീസണിലെ ധോണിയുടെ ഐപിഎല്ലിലെ സ്ട്രൈക്ക്റേറ്റ്. ധോണി ബാറ്റുമായി ക്രീസിലേക്ക് ഇറങ്ങുന്ന സമയം ഗ്യാലറി ഇളകി മറിയുന്നതും കഴിഞ്ഞ സീസണില്‍ നിരവധ വട്ടം ക്രിക്കറ്റ് ലോകം കണ്ടു. 

ENGLISH SUMMARY:

Will MS Dhoni play IPL 2025 season? Chennai Super Kings CEO Kashi Viswanath's response is that only Dhoni knows the answer. He also said that the franchise wants Dhoni to play in the next season as well