ചെന്നൈ സൂപ്പര്‍ കിങ്സിനേയും മുള്‍മുനയില്‍ നിര്‍ത്തി എം.എസ്.ധോണി. അടുത്ത സീസണില്‍ ഐപിഎല്‍ കളിക്കാന്‍ തയ്യാറാണോ അല്ലയോ എന്ന വിവരം ധോണി ചെന്നൈ സൂപ്പര്‍ കിങ്സ് ഫ്രാഞ്ചൈസിയെ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എത്ര കളിക്കാരെ നിലനിര്‍ത്താമെന്ന് ബിസിസിഐ വ്യക്തമാക്കിയതിന് ശേഷമാവും ധോണിയുടെ തീരുമാനം പുറത്തുവരിക.
ഇതുവരെ ഞങ്ങളോട് ധോണി ഒന്നും പറഞ്ഞിട്ടില്ല. എത്ര താരങ്ങളെ നിലനിര്‍ത്താം എന്നതില്‍ ബിസിസിഐ അന്തിമ തീരുമാനം പറയുന്നതോടെ ചിത്രം കൂടുതല്‍ വ്യക്തമാകുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2025 ഐപിഎല്‍ സീസണ്‍ കളിക്കാന്‍ ധോണി തയ്യാറാവുകയാണെങ്കില്‍ ചെന്നൈ ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരില്‍ ഒരാള്‍ ധോണിയാകുമെന്ന് ഉറപ്പാണ്.
വിരമിച്ചതിന് ശേഷം അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ ആയ താരങ്ങളെ അണ്‍ക്യാപ്ഡ് താരങ്ങളായി പരിഗണിക്കുന്ന നിയമം തിരികെ കൊണ്ടുവരാന്‍ ബിസിസിഐ നേരത്തെ തീരുമാനിച്ചിരുന്നു. അങ്ങനെയെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ധോണിയെ അണ്‍ക്യാപ്പ്ഡ് താരമായി പരിഗണിക്കാനാകും. ഇതോടെ ഉയര്‍ന്ന പ്രതിഫലം നല്‍കേണ്ടി വരില്ല.
രവീന്ദ്ര ജഡേജ, മതീഷ പതിരാന, ഋതുരാജ് ഗയ്കവാദ് എന്നിവരെ ചെന്നൈ സൂപ്പര്‍ കിങ്സ് താര ലേലത്തിന് മുന്‍പ് ടീമില്‍ നിലനിര്‍ത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. അശ്വിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാനും ചെന്നൈ താരലേലത്തില്‍ ശ്രമിച്ചേക്കും. മുഹമ്മദ് ഷമിയാണ് ചെന്നൈയുടെ റഡാറിലുള്ള മറ്റൊരു താരം.
ഐപിഎല്‍ 2024 സീസണില്‍ ഡെത്ത് ഓവറുകളില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ധോണി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തിരുന്നു, സീസണില്‍ 73 പന്തുകള്‍ നേരിട്ട ധോണി 161 റണ്‍സ് ആണ് സ്കോര്‍ ചെയ്തത്. 220.55 ആയിരുന്നു സീസണിലെ ധോണിയുടെ സ്ട്രൈക്ക്റേറ്റ്.