ഐപിഎൽ നിയമങ്ങളിൽ കാര്യമായ മാറ്റങ്ങളാണ് കഴിഞ്ഞ ദിവസം ബിസിസിഐ കൊണ്ടുവന്നത്. അൺക്യാപ്പ്ഡ് താരങ്ങൾ എന്ന പരിഗണന തിരികെ കൊണ്ടുവന്നതും താരങ്ങൾക്കുള്ള മാച്ച് ഫീയും ബിസിസിഐയുടെ തീരുമാനങ്ങളാണ്. ഇതിനൊപ്പമാണ് താര ലേലത്തിലെ ചില നിർദ്ദേശങ്ങൾ. മിനി ലേലത്തിലെത്തി വലിയ തുക വാരുന്ന വിദേശ താരങ്ങളുടെ തന്ത്രം ഇനി ഫലിക്കില്ലെന്നാണ് ബിസിസിഐയുടെ പുതിയ നിയമം നൽകുന്ന സൂചന.
Also Read: ഐപിഎല്‍ നിയമങ്ങള്‍ക്കും മീതെ പറക്കുന്ന 'തല ഇഫക്ട്'; ധോണി കളിക്കുക 66% കുറവ് പ്രതിഫലത്തിനോ?
2024 ലെ ഐപിഎൽ ലേലത്തിലാണ് ഓസീസ് താരം മിച്ചൽ സ്റ്റാർക്ക് ടി20 ലീഗ് ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറിയത്. 24.75 കോടി രൂപയ്ക്കാണ് അന്നത്തെ മിനി ലേലത്തിൽ സ്റ്റാർക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കുന്നത്. ഇനി ഇത്തരമൊരു സാഹചര്യം വിദേശ താരങ്ങൾക്ക് മുന്നിലുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. നിലനിർത്തിയ താരത്തിന് ചെലവാക്കിയ തുകയും മെഗാ ലേലത്തിൽ ഒരു താരത്തിനായി ചെലവാക്കിയ തുകയും പരിഗണിച്ച് മിനി ലേലത്തിൽ വിദേശ താരങ്ങൾക്ക് സാലറി ക്യാപ് കൊണ്ടുവരാനാണ് ബിസിസിഐ നീക്കം.
Also Read: കാണ്‍പൂര്‍ ടെസ്റ്റ് മഴ എടുത്താല്‍ ഇന്ത്യക്ക് ഇരുട്ടടി; എട്ട് ടെസ്റ്റില്‍ അഞ്ചിലും ജയിക്കണം
വിദേശ താരങ്ങൾ വലിയ സാമ്പത്തിക നേട്ടത്തിനായി ബോധപൂർവം മിനി ലേലത്തിൽ മാത്രം ലഭ്യമാകുന്നു എന്നൊരു സൂചന ബിസിസിഐയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇനി അത് നടക്കില്ല. 2025 മെഗാ ലേലത്തിൽ രജിസ്റ്റർ ചെയ്തൊരു വിദേശ താരത്തിന് മാത്രമെ 2026, 2027 സീസണുകളിലെ ഐപിഎൽ ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. പരിക്കേറ്റ താരങ്ങൾക്ക് ഇതിൽ വിട്ടുവീഴ്ചയുണ്ട്. ഇത് സ്വന്തം ക്രിക്കറ്റ് ബോർഡ് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
2026 ഐപിഎൽ ലേലം മുതൽ വിദേശ താരങ്ങൾക്ക് ശമ്പള പരിധി വരും. മെഗാ ലേലത്തിൽ ഒരു താരത്തിന് ലഭിച്ച തുകയോ നിലനിർത്തിയ താരത്തിന് ഫ്രാഞ്ചൈസി ചെലവാക്കിയ തുകയോ അടിസ്ഥാനമാക്കിയാണ് മിനി ലേലത്തിൽ ഒരു താരത്തിന് ലഭിക്കുന്ന തുക നിശ്ചയിക്കുക. രണ്ടിലും ഏറ്റവും കുറഞ്ഞ തുകയാണ് പരമാവധി ലഭിക്കുക.
ഉദാഹരണമായി ആർസിബി 18 കോടി രൂപയ്ക്ക് വിരാട് കോലിയെ നിലനിർത്തുകയും 15 കോടി രൂപയ്ക്ക് ദീപക് ചഹാറിനെ 2025 ലെ മെഗാ ലേലത്തിൽ വാങ്ങുകയും ചെയ്താൽ മിനി ലേലത്തിൽ ഒരു വിദേശ താരത്തിന് ലഭിക്കുന്ന പരമാവധി തുക 15 കോടി രൂപയാണ്. മെഗാ ലേലത്തിൽ 20 കോടി രൂപയ്ക്ക് ദീപക് ചഹാറിനെ ആർസിബി ബാങ്ങിയാൽ 18 കോടി രൂപ വരെ വിദേശ താരത്തിന് ലഭിക്കും. ഫ്രാഞ്ചൈസിക്ക് കൂടുതൽ തുക ബിഡ് ചെയ്യാനാകും. എന്നാൽ അധിക തുക ബിസിസിഐ അക്കൗണ്ടിലേക്ക് പോകും.