മെഗാ താര ലേലത്തിന് ശേഷം വരുന്ന 2025 സീസണില്‍ ടീമുകളിലുണ്ടാവാന്‍ സാധ്യതയുള്ള അടിമുടി മാറ്റത്തിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഹര്‍ദിക് പാണ്ഡ്യയെ മാറ്റുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യങ്ങളില്‍ ഒന്ന്. അതിനൊപ്പം രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിടുമോ എന്നതും ക്രിക്കറ്റ് ലോകത്തിന് ആകാംക്ഷ ഉണര്‍ത്തുന്ന ചോദ്യമാണ്. ഇതില്‍ പ്രതികരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മുന്‍ താരം എബി ഡിവില്ലിയേഴ്സ്.
രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിട്ട് ആര്‍സിബിയിലേക്ക് വരാനുള്ള സാധ്യത വിരളമാണ് എന്നാണ് ഡിവില്ലിയേഴ്സിന്റെ വാക്കുകള്‍. രോഹിത് മുംബൈയിലേക്ക് വരികയാണ് എങ്കില്‍ അത് വളരെ വലിയൊരു സംഭവം ആകുമെന്നും ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ പറയുന്നു.
രോഹിത്തിനെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ എന്ന ചിരിപ്പിച്ചു. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് രോഹിത് ആര്‍സിബിയിലേക്ക് വന്നാല്‍ അത് വലിയൊരു വാര്‍ത്തയാവും. ഹര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈയിലേക്ക് വന്നതിനേക്കാള്‍ വലിയൊരു വാര്‍ത്ത. ഹര്‍ദിക്കിന്റെ വരവ് വലിയൊരു സര്‍പ്രൈസ് ഒന്നും ആയിരുന്നില്ല. എന്നാല്‍ രോഹിത് മുംബൈ വിട്ട് എതിരാളികളായ ആര്‍സിബിയിലേക്ക് വന്നാല്‍...അങ്ങനെയൊരു സാധ്യത ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല, യുട്യൂബ് ചാനലില്‍ സംസാരിക്കുമ്പോള്‍ ഡിവില്ലിയേഴ്സ് പറഞ്ഞു.
മുംബൈ ഇന്ത്യന്‍സ് രോഹിത്തിനെ വിടുമെന്ന് ഞാന്‍ കരുതുന്നില്ല. പൂജ്യം അല്ലെങ്കില്‍ 0.1 ശതമാനം സാധ്യത മാത്രമാണ് അതിനുള്ളത് എന്നും ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടു. 2024 ഐപിഎല്‍ സീസണിന് മുന്‍പായിട്ടാണ് ഹര്‍ദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍സി നല്‍കി തിരികെ കൊണ്ടുവരുന്നത്. എന്നാല്‍ ആ മാറ്റം മുംബൈ ക്യാംപിനുള്ളിലും ആരാധകര്‍ക്കിടയിലും അസ്വസ്ഥതയുണ്ടാക്കി. കൂവലോടെയായിരുന്നു വാങ്കഡെയിലും അഹമ്മദാബാദിലും ഹൈദരാബാദിലുമെല്ലാം ഹര്‍ദിക്കിനെ ആരാധകര്‍ നേരിട്ടത്.